വെനസ്വേല പ്രസിഡന്റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 50 മില്യൺ ഡോളർ പാരിതോഷികം
പി.പി. ചെറിയാൻ
Saturday, August 9, 2025 7:09 AM IST
വാഷിംഗ്ടൺ ഡിസി: വെനസ്വേലന പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കുള്ള പാരിതോഷികം ഇരട്ടിയാക്കി അമേരിക്കൻ സർക്കാർ.
മഡുറോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾക്ക് 50 മില്യൺ ഡോളറാണ് നീതിന്യായ വകുപ്പും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വാഗ്ദാനം ചെയ്യുന്നതെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് കടത്തുകാരിൽ ഒരാളാണ് മഡുറോ. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. അതിനാൽ, ഞങ്ങൾ അദ്ദേഹത്തിന്റെ പ്രതിഫലം 50 മില്യൺ ഡോളറാക്കിയെന്ന് ബോണ്ടി പറഞ്ഞു.
ന്യൂയോർക്കിൽ ലഹരിമരുന്ന് ഭീകരത, കൊക്കെയ്ൻ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ മഡുറോയ്ക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.