യുക്മ ദേശീയ കായികമേള സമാപിച്ചു
കുര്യൻ ജോർജ്
Wednesday, July 2, 2025 7:36 AM IST
ബർമിംഗ്ഹാം: ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്‍റർ സ്റ്റേഡിയത്തിൽ നടന്ന യുക്മ ദേശീയ കായികമേള സമാപിച്ചു. കായിക മത്സരങ്ങളിൽ 168 പോയിന്‍റുമായി മിഡ്‌ലാൻഡ്‌സ് റീജൻ തുടർച്ചയായ നാലാം തവണയും ഓവറോൾ ചാന്പ്യന്മാരായി. 128 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജൻ റണ്ണറപ്പ് സ്ഥാനവും 79 പോയിന്‍റോടെ ഈസ്റ്റ് ആംഗ്ലിയ റീജൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അസോസിയേഷൻ തലത്തിൽ 103 പോയിന്‍റുമായി വാർവിക്ക് ആന്‍റ് ലമിംഗ്ടൺ മലയാളി അസോസിയേഷൻ (WALMA) ചാന്പ്യൻ അസോസിയേഷൻ ആയപ്പോൾ 93 പോയിന്‍റുമായി സൊമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ റണ്ണറപ്പും 39 പോയിന്‍റുമായി ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിളാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്‍റുമാരായ വർഗീസ് ഡാനിയേൽ, സ്മിത തോട്ടം, ജോയിന്‍റ് സെക്രട്ടറി റെയ്മോൾ നിഥിരി, സ്പോർട്സ് കോഓർഡിനേറ്റർ സെലീന സജീവ്, റീജനൽ പ്രസിഡന്റുമാരും , നാഷനൽ കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
നാഷനൽ സ്പോർട്സ് കോഓർഡിനേറ്ററും മുൻ ചാന്പ്യന്മാർ ചേർന്ന് ദീപശിഖ തെളിയിച്ചു കൊണ്ട് ആരംഭിച്ച വർണശബളമാ മാർച്ചു പാസ്റ്റിനുശേഷം ദീപശിഖ നാഷനൽ പ്രസിഡന്‍റ് ഏറ്റുവാങ്ങി.
യുക്മ ന്യൂസ് എഡിറ്റർ സുജു ജോസഫ്, ദേവലാൽ സഹദേവൻ, സൗത്ത് ഈസ്റ്റ് റീജണിന്‍റെ ട്രഷറർ തേജു മാത്യൂസ് എന്നിവർ ഓഫിസ് കാര്യങ്ങൾ നിർവഹിച്ചു. കിഡ്സ് ആൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റെഫിൻ ടിന്റു തമ്പി (SMCA സോമർസെറ്റ്), പെൺകുട്ടികളുടെ വിഭാഗത്തിൽ ഇവ്‌ലിൻ മേരി ജെയിംസ് (WALMA വാർവിക്ക്), സബ്‌ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഹ്സാൻ സജു (CMA കാർഡിഫ്), പെൺകുട്ടികളുടെ വിഭാഗത്തിൽ ചിന്മയി പ്രശാന്ത് (WALMA വാർവിക്ക്), ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചേതൻ ദേവരാജ് (CMA ക്രൂവ്), പെൺകുട്ടികളുടെ വിഭാഗത്തിൽ റിയാനാ ജോസഫ് (WALMA, വാർവിക്ക്), സീനിയർ പുരുഷവിഭാഗത്തിൽ ജോ പോൾ സച്ചിൽ (BMA ബാത്ത്), സാവിയോ സിജോ (സർഗ്ഗം സ്റ്റീവനേജ്), വനിതാ വിഭാഗത്തിൽ മീനാക്ഷി രാജേഷ് (LUKA ലൂട്ടൻ), അഡൽറ്റ് പുരുഷ വിഭാഗത്തിൽ സോബിൻ സണ്ണി (CMC ക്രോളി), വനിതാ വിഭാഗത്തിൽ ടിന്റു മെൽവിൻ (സർഗ്ഗം സ്റ്റീവനേജ്), സീനിയർ അഡൽറ്റ് പുരുഷവിഭാഗത്തിൽ അരുൺ തോമസ് (SMCA സോമർസെറ്റ്), വനിതാ വിഭാഗത്തിൽ വിദ്യ സുമേഷ് (WALMA വാർവിക്ക്), സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ അജിത് മഠത്തിൽ (BMA ബോൾട്ടൻ), വനിതാ വിഭാഗത്തിൽ ബിൻസി ലിനു (KCA റെഡ്ഡിച്ച്), സിന്ധു ജോസഫ് (LUKA ലൂട്ടൻ) എന്നിവർ വ്യക്‌തിഗത ചാന്പ്യന്മാരായി.
വിജയികൾക്ക് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ, മുൻ ദേശീയ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി ജയകുമാർ നായർ എന്നിവരുടെ നേതൃത്വത്തിൽ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.