നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബ് ഓണാഘോഷം ഞായറാഴ്ച
പോൾ സെബാസ്റ്റ്യൻ
Sunday, August 25, 2024 3:10 AM IST
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ (എൻഎംസിസി) ഓണാഘോഷം "പൊന്നോണം 2024' ഞായറാഴ്ച(ഓഗസ്റ്റ് 25) എപ്പിംഗ് മെമ്മോറിയൽ ഹാളിൽ വച്ച് ആഘോഷിക്കുന്നു. രാവിലെ ഒന്‍പതിന് എൻഎംസിസി കുടുംബാഗംങ്ങൾ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
സോളമന്റെ നേതൃത്വത്തിലുള്ള ബീറ്റ്സ് ഓഫ് മെൽബണ്‍ ടീമിന്റെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വർണക്കുടകളുടെയും കഥകളിയുടെയും പുലികളിയുടെയും അകന്പടിയോടെ ഘോഷയാത്രയായി മാവേലി തന്പുരാനെ വേദിയിലേക്ക് ആനയിക്കും.
എൻഎംസിസി കുടുംബാഗവും മെൽബണിലെ പ്രകല്പസംസ്കൃതി ഡാൻസ് സ്കൂളിലെ നൃത്ത അധ്യാപികയുമായ ശ്യാമ ശശിധരന്റെ കൊറിയോഗ്രാഫിയിൽ അണിയിച്ചൊരുക്കിയ എൻഎംസിസി മെഗാ ഫാമിലി തിരുവാതിര’ അരങ്ങേറും.
തുടർന്ന് ഓണപാട്ടുകളും നൃത്തങ്ങളും ബോളിവുഡ് ഡാൻസുകളും ഉൾപ്പെടെ വ്യത്യസ്തമാർന്ന വിസ്മയകാഴ്ചകളുമായി എൻഎംസിസി കുടുംബത്തിലെ നൂറോളം കലാകാരന്മാർ എപ്പിംഗ് മെമ്മോറിയൽ ഹാളിന്റെ വേദി കീഴടക്കും. ജെഎം ഓഡിയോസിലെ സൗണ്ട് എൻജിനിയർ ജിം മാതണ്ടവിന്റെ നേതൃത്വത്തിൽ വേദിയിലെ ശബ്ദ വെളിച്ച നിയന്ത്രണം കലാപരിപാടികൾ വർണാഭമാക്കും .
ഉച്ചയ്ക്ക് 12ന് പൊന്നോണം 2024 ന്റെ മുഖ്യ ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. കേരളത്തിന്റെ തനതു ചിഭേദങ്ങളുമായി 25 ഓളം കറികളും മധുരമൂറുന്ന പായസങ്ങളുമായി ഓണസദ്യ ഒരുക്കുന്നത് സിജോയുടെ നേതൃത്വത്തിലുള്ള റെഡ്ചില്ലീസാണ്.
ഡിജിയോട്രിക്സിലെ ഫോട്ടോഗ്രാഫർ ഡെന്നി തോമസിന്റെയും ടീമിന്റെയും സഹായത്തോടെ മാവേലിയോടും ഓണപൂക്കളത്തോടും ഒപ്പം ഫോട്ടോയെടുത്ത് സോഷ്യൽമീഡിയായിൽ ഇൻസ്റ്റന്റ് പോസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓണസദ്യയ്ക്കുശേഷം വടംവലി മത്സരവും ഉണ്ടായിരിക്കും. പ്രൈംലെൻഡ് (ടിജൊ ജോസഫ്), യൂണിവേഴ്സൽ റിയൽ എസ്റ്റേറ്റ് (ഗൗതം ഗാർഗ്), സെഹിയോൻ ടൂർസ് ആന്റ് ട്രാവൽസ് (സിജൊ എബ്രഹം) എന്നിവരാണ് "പൊന്നോണം 2024' സ്പോണ്സർ ചെയ്തിരിക്കുന്നത്.
ബാബു വർക്കി, ജോണ്സണ് ജോസഫ്, സഞ്ജു ജോണ്‍, സുനിൽ ഭാസ്കരൻ, സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ കമ്മിറ്റി ഓണാഘോഷങ്ങൾ മനോഹരമാക്കാൻ പരിശ്രമിച്ചുകൊണ്ടിക്കുന്നു.