ഓക്സിജൻ വിതരണം തകരാറിലായി; വിമാനത്തിൽ ബോധരഹിതരായി ഗാംബിയൻ ഫുട്ബോൾ ടീം
Friday, January 12, 2024 3:55 PM IST
ബാന്‍ജുൽ: ആകാശത്ത് വൻ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട് ഗാംബിയ ഫുട്ബോൾ ടീം. യന്ത്രത്തകരാറിനെത്തുടര്‍ന്നു താരങ്ങളും പരിശീലകരും വിമാനത്തിൽ ബോധരഹിതരായി.
വിമാനത്തിലെ ഓക്സിജൻ വിതരണ സംവിധാനത്തിലെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സാങ്കേതിക വിദഗ്ധർ വിശദമാക്കുന്നത്. പൈലറ്റ് സമയോചിതമായി ഇടപെട്ടു വിമാനം നിലനിര്ത്തിറക്കിയതിനാലാണു വൻ ദുരന്തം ഒഴിവായത്.
താരങ്ങളിൽ പലരും മയങ്ങി വീണതിനു പിന്നാലെ ഒന്‍പത് മിനിറ്റിനുശേഷമാണ് തിരികെ പോവാനുള്ള തീരുമാനം പൈലറ്റ് സ്വീകരിച്ചത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ലഭ്യമാകേണ്ടിയിരുന്ന ഓക്സിജന്‍ മാസ്കുകളും യാത്രക്കാർക്ക് ലഭിച്ചില്ല.
ആഫ്കോണ്‍ കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോവുകയായിരുന്നു ഗാംബിയ ടീം. 50 സീറ്റുകളുള്ള ചെറുവിമാനത്തിലായിരുന്നു ടീമിന്റെ യാത്ര. എയർ കോട്ടേ ഡി ഐവോറി എന്ന കമ്പനിയുടേതാണ് വിമാനം.
ഗാംബിയന്‍ ഫുട്ബോൾ അസോസിയേഷനാണ് ടീമിന് ഈ വിമാനം ഒരുക്കി നൽകിയത്. താരങ്ങൾ ബോധരഹിതരായതോടെ ഗാംബിയയുടെ തലസ്ഥാനമായ ബാന്‍ജുലിലേക്ക് വിമാനം തിരികെപോയെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു.