നൈജീരിയയിൽ 287 വിദ്യാർഥികളെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി
Saturday, March 9, 2024 12:26 PM IST
ലാഗോസ്: നൈജീരിയയിൽ കൊള്ളക്കാർ 287 സ്കൂൾ കുട്ടികളെയും ഒരു അധ്യാപകനെയും തട്ടിക്കൊണ്ടുപോയി. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കഡുനയിലെ കുരിഗ പട്ടണത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
രാവിലെ എട്ടരയ്ക്കു സ്കൂൾ അസംബ്ലി നടന്നുകൊണ്ടിരിക്കേ കൊള്ളക്കാർ മോട്ടോർ സൈക്കിളുകളിൽ ഇരച്ചുകയറുകയായിരുന്നു. എട്ടിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണു തട്ടിക്കൊണ്ടുപോയത്.
സെക്കൻഡറി സ്കൂളിലെ 187ഉം പ്രൈമറിയിലെ 125ഉം അടക്കം 312 വിദ്യാർഥികളെയാണു തട്ടിക്കൊണ്ടുപോയതെന്നും ഇതിൽ 25 പേർ തിരിച്ചെത്തിയെന്നും കഡുന സംസ്ഥാന ഗവർണർ ഉബാ സാനി അറിയിച്ചു. രണ്ട് അധ്യാപകരെ തട്ടിക്കൊണ്ടുപോയതിൽ ഒരാൾക്കു രക്ഷപ്പെടാൻ കഴിഞ്ഞു.
കൊള്ളക്കാരുടെ വെടിയേറ്റ ഒരു വിദ്യാർഥി ചികിത്സയിലാണ്. പ്രദേശവാസികൾ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒരു പ്രദേശവാസി കൊല്ലപ്പെട്ടു.
പട്ടണത്തിലെ ഏതാണ്ടെല്ലാ വീട്ടിലെയും കുട്ടികൾ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താൻ സായുധസേന ഓപ്പറേഷൻ ആരംഭിച്ചതായി ഗവർണർ അറിയിച്ചു.
കഴിഞ്ഞ ദിവസം വടക്കുകിഴക്കൻ നൈജീരിയയിൽ വിറകു ശേഖരിക്കാൻ പോയ ഡസൻകണക്കിനു സ്ത്രീകളെയും കുട്ടികളെയും ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. സ്കൂളിൽനിന്നുള്ള തട്ടിക്കൊണ്ടുപോകലിന് ഇതുമായി ബന്ധമില്ലെന്നാണ് അനുമാനം.
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ മോചനദ്രവ്യത്തിനായി കൊള്ളക്കാർ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്.