മാര്‍ബര്‍ഗ് വൈറസ്: റുവാണ്ടയിൽ ആറ് ആരോഗ്യപ്രവർത്തകർ മരിച്ചു
Monday, September 30, 2024 12:36 PM IST
റുവാണ്ട: എബോളയ്ക്ക് സമാനമായ അതീവ മാരക വൈറസായ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ആറ് ആരോഗ്യപ്രവര്‍ത്തകർ മരിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണു മരിച്ചവർ.
പ്രധാനമായും പഴംതീനി വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കെത്തുന്ന ഈ രോഗത്തിന് 88 ശതമാനമാണ് മരണനിരക്ക്. രോഗബാധിതരുടെ ശരീരസ്രവവുമായുള്ള സമ്പർക്കത്തിലൂടെ വൈറസ് പടർന്നു പിടിക്കും.
റുവാണ്ടയിൽ ഇതുവരെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണെന്ന് ആരോഗ്യ മന്ത്രി സബിൻ നാൻസിമാന അറിയിച്ചു. 1967ൽ ജർമനിയിലെ മാർബർഗിലും ഫ്രാങ്ക്ഫർട്ടിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് ആദ്യം മാര്‍ബര്‍ഗ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കടുത്ത പനി, ശരീര വേദന, ഛര്‍ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശിവേദന, തലവേദന, മസ്തിഷ്കജ്വരം, നാഡിവ്യവസ്ഥയുടെ സ്തംഭനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം തുടങ്ങിയവയാണു രോഗലക്ഷണങ്ങൾ.
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക എന്നതുതന്നെയാണ് പ്രധാന പ്രതിരോധ മാർഗം.