ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു
Saturday, March 30, 2024 10:12 AM IST
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബോട്സ്വാനയിൽ നിന്ന് രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള മോറിയയിലേക്ക് പോകുകയായിരുന്ന വാഹനം പാലത്തിൽ നിന്നും മലയിടുക്കിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
എട്ട് വയസുള്ള ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്കു ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
പാലത്തിൽ നിന്നും താഴെ വീണ ബസ് കത്തിയിരുന്നു. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിനശിച്ചിരുന്നു. ബസിന് ബോട്സ്വാന ലൈസൻസ് ആണ് ഉള്ളത്. എന്നാൽ യാത്രക്കാർ എത് രാജ്യക്കാരാണെന്ന് പരിശോധിച്ചുവരികയാണെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു.
ഗതാഗത മന്ത്രി സിന്ദിസിവെ ചിക്കുംഗ സംഭവസ്ഥലം സന്ദർശിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച റോഡുകൾ ഉള്ളത് ദക്ഷിണാഫ്രിക്കയിലാണ്.
എന്നാൽ റോഡ് സുരക്ഷയുടെ കാര്യത്തിൽ ഏറെ പിന്നിലാണ് ഈ രാജ്യം. അപകടത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ഈസ്റ്റർ ആഴ്ചയിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് സിറിൽ റമാഫോസ ദക്ഷിണാഫ്രിക്കക്കാരോട് അഭ്യർഥിച്ചിരുന്നു.