കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു
Saturday, September 7, 2024 7:55 AM IST
നെയ്റോബി: കെനിയയിൽ ബോർഡിംഗ് സ്കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചു. സെൻട്രൽ കെനിയയിലെ നയേരി കൗണ്ടിയിൽ വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം.
അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവർ പഠിക്കുന്ന സ്കൂളിലെ ഡോർമിറ്ററിയിൽ 150ലേറെ പേർ താമസിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ 14 വിദ്യാർഥികൾ ചികിത്സയിലാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണു കെനിയൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫോറൻസിക് വിദഗ്ധർ ഉൾപ്പെട്ട സംഘം അന്വേഷണം ആരംഭിച്ചു. കുറ്റക്കാർ കർശന നടപടി നേരിടേണ്ടിവരുമെന്നു കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. തടികൊണ്ടുണ്ടാക്കിയ കെട്ടിടത്തിൽ അതിവേഗം തീ പടർന്നു.
പ്രദേശവാസികളുടെ സഹായത്തോടെയാണു ഫയർഫോഴ്സ് തീയണച്ചത്. കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണെന്നു പോലീസ് പറഞ്ഞു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ട്.