ഗാബോണിൽ അട്ടിമറി; ഭരണം ഏറ്റെടുത്ത് സൈന്യം
Thursday, August 31, 2023 11:39 AM IST
ലിബ്രെവിൽ: മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിൽ സൈന്യം അട്ടിമറിയിലൂടെ ഭരണം ഏറ്റെടുത്തു. പ്രസിഡന്റ് അലി ബോംഗോയെ വീട്ടുതടങ്കലിലാക്കിയാണ് സൈന്യം ഭരണം പിടിച്ചത്.
2009 മുതൽ അധികാരത്തിൽ തുടരുന്ന ബോംഗോ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലൂടെ മൂന്നാംവട്ടവും അധികാരം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നെന്ന് പരാതിയുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് സൈന്യം ബോംഗോയെ പുറത്താക്കി ഭരണം പിടിച്ചത്. രാജ്യത്തിന്റെ ഭരണം തങ്ങൾ ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സൈനിക ജനറൽമാർ ഇന്ന് വൈകിട്ട് ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് റദ്ദാക്കുകയാണെന്നും റിപ്പബ്ലിക്കിലെ എല്ലാ സംവിധാനങ്ങളും മരവിപ്പിക്കുകയാണെന്നും സൈന്യം അറിയിച്ചു. രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന ഉത്തരവാദിത്വമില്ലാതെ ഭരണത്തിന് തങ്ങൾ അറുതിവരുത്തുകയാണെന്നാണ് സൈന്യം അവകാശപ്പെട്ടത്. ഇതിന് പിന്നാലെ, ബോംഗോയുടെ മക്കളിലൊരാളെ അഴിമതി കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തു.
എണ്ണനിക്ഷേപം കൊണ്ട് സമ്പന്നമായ ഗാബോണിൽ 1967 മുതൽ അധികാരത്തിലുള്ളത് ബോംഗോ കുടുംബമാണ്. 41 വർഷം രാജ്യം ഭരിച്ച ഒമർ ബോംഗോ മകനെ "ഭരണം ഏൽപ്പിച്ചാണ്' രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങിയത്.