സിംബാബ്വെയിൽ മനംഗാഗ്വ അധികാരം നിലനിർത്തി
Monday, August 28, 2023 11:26 AM IST
ഹരാരെ: സിംബാബ്വെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എമേഴ്സൺ മനംഗാഗ്വ അധികാരം നിലനിർത്തി. അദ്ദേഹത്തിന് 52.26ഉം മുഖ്യ എതിരാളി നെൽസൻ ചാമിസയ്ക്ക് 44ഉം ശതമാനം വോട്ടുകൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായതായി അന്താരാഷ്ട്ര നിരീക്ഷകരും അഭിപ്രായപ്പെട്ടു.
സിംബാബ്വെയിലെ അതികായനായിരുന്ന റോബർട്ട് മുഗാബെ 2017ൽ അട്ടിമറിയിൽ പുറത്താക്കപ്പെട്ടതിനെത്തുടർന്നാണ് മനംഗാഗ്വ പ്രസിഡന്റായത്. നിഷ്കരുണ നടപടികൾ മൂലം അദ്ദേഹത്തെ ‘മുതല’ എന്നാണു വിളിക്കുന്നത്.
സിംബാബ്വെയ്ക്കു പുതുയുഗം വാഗ്ദാനം ചെയ്താണ് മനംഗാഗ്വ അധികാരത്തിലേറിയതെങ്കിലും രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിർത്താനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അദ്ദേഹത്തിനു കഴിഞ്ഞില്ല. എതിരാളികളെയും പ്രതിപക്ഷത്തെയും അടിച്ചമർത്തുന്നതായും ആരോപണമുണ്ട്.