യുദ്ധം: സുഡാനിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് മാർപാപ്പ
Monday, June 3, 2024 10:20 AM IST
വത്തിക്കാൻ: യുദ്ധക്കെടുതി മൂലം വലയുന്ന സുഡാനിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. “ഒരു വർഷമായി യുദ്ധത്താൽ വലയുന്ന സുഡാൻ ജനതയ്ക്കുവേണ്ടി പ്രാർഥിക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.
ഇനിയുമൊരു പരിഹാരവുമാകാതെ യുദ്ധം തുടരുകയാണ്. ആയുധങ്ങൾ നിശബ്ദമാക്കപ്പെടട്ടെ’’ - ഇന്നലെ ത്രികാല ജപത്തിനു ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്തു മാർപാപ്പ പറഞ്ഞു.
ലോകനേതാക്കൾ ഇടപെട്ട് യുദ്ധത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നും യുദ്ധം മൂലം ലക്ഷണക്കണക്കിന് ആളുകളാണ് അഭയാർഥികളായതെന്നും ഇവർക്ക് അഭയം നൽകാൻ അയൽരാജ്യങ്ങൾ തയാറാകണമെന്നും മാർപാപ്പ അഭ്യർഥിച്ചു.
യുക്രെയ്ൻ, പലസ്തീൻ, മ്യാൻമർ, ഇസ്രയേൽ എന്നിവിടങ്ങളിൽ സമാധാനത്തിനായും മാർപാപ്പ പ്രാർഥിച്ചു. പ്രകോപനങ്ങൾ ഒഴിവാക്കി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കൾക്കു കഴിയട്ടേയെന്ന് മാർപാപ്പ പറഞ്ഞു.