കുവൈറ്റിലെ ആരോഗ്യ സ്ഥിതി സുസ്ഥിരം; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രാലയം
Thursday, June 16, 2022 12:25 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : രാജ്യത്തെ ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും ആഗോളതലത്തിലെ കോവിഡ് സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം ഒൗദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു.

മിക്ക രാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിച്ചു വരികയാണ്. രോഗവ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്നും അണുബാധ തടയുന്നതിനായി വിദേശയാത്ര നടത്തുന്നവർ അടച്ചിട്ട ഇടങ്ങളും തിരക്കേറിയ സ്ഥലങ്ങളും പരമാവധി ഒഴിവാക്കണമെന്ന് അൽ സനദ് ആവശ്യപ്പെട്ടു.

മാസ്ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും പരിശോധനയും വാക്സിനേഷനും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഐസിയുവിൽ കേസുകളൊന്നും ഇല്ല. കുട്ടികൾ സമ്മർ ക്ലബുകളിൽ പോകുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് അബ്ദുള്ള അൽ സനദ് പറഞ്ഞു.