ചില്ല പ്രതിമാസ വായന 70 ലക്കം പിന്നിട്ടു
Monday, November 30, 2020 5:13 PM IST
റിയാദ്: ചില്ല പ്രതിമാസ വായന 70 ലക്കം പിന്നിട്ടു. 2015 ൽ ആരംഭിച്ച "എന്‍റെ വായന' എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടിയുടെ എഴുപതാമത്തെ ലക്കമായിരുന്നു വെർച്വൽ ഒത്തുചേരലായി സംഘടിപ്പിച്ചത്. കെ.ആർ മീരയുടെ "ഖബർ' എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് പ്രിയ സന്തോഷ് എഴുപതാം ലക്കം വായനയ്ക്ക് തുടക്കം കുറിച്ചു .

ഫെബ്രുവരി 2015 മുതൽ എല്ലാമാസവും മുടങ്ങാതെ ചില്ല ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷം മാർച്ച് മാസം മുതലാണ് വെർച്വൽ പ്ലാറ്റുഫോമിലേക്ക് ചില്ല പരിപാടികൾ മാറിയത്. ലോക്‌ഡോൺ കാലത്ത് പ്രതിവാര വെർച്വൽ സംവാദങ്ങൾ നടന്നു. സാറാ ജോസഫ്, ബെന്യാമിൻ, എസ്. ഹരീഷ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വി. മുസഫർ അഹമ്മദ്, മനോജ് കുറൂർ, അംബികാസുതൻ മാങ്ങാട്, സോണിയ റഫീഖ്, ഫർസാന അലി എന്നിവർ ചില്ല സംവാദങ്ങളെ സർഗാത്മകമാക്കി.

അറബ് കവി ശിഹാബ് ഗാനിം, കെ. സച്ചിദാന്ദൻ, ഇ. സന്തോഷ് കുമാർ എന്നിവർ വിവിധ കാലങ്ങളിൽ ചില്ല വാർഷിക ആഘോഷങ്ങൾക്കായി ചില്ലയിലെത്തി. 2015 ഡിസംബറിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവായിരുന്നു ചില്ലയുടെ ഉദ്‌ഘാടനം നിർവഹിച്ചത്. ബുക്ക്വിസ് എന്ന പേരിൽ പെൻഡുലം ബുക്സുമായി സഹകരിച്ച് നടത്തുന്ന ഓൺലൈൻ സാഹിത്യപ്രശ്നോത്തരിയിൽ 2018 മേയ് മുതൽ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുക്കുന്നു. മുഴുദിന സംവാദപരിപാടിയായ ലെറ്റ്ബേറ്റ്, പുതുതലമുറക്കായി ഒരുക്കിയ ബ്ലൂംറീഡ്‌സ് എന്നിവ ചില്ലയുടെ വിവിധ പരിപാടികളാണ്.

നവംബർ വായനയിൽ മനു എസ്. പിള്ളയുടെ "ദ കോര്‍ട്ടിസാന്‍ ദ മഹാത്മ ആൻഡ് ദ ഇറ്റാലിയന്‍ ബ്രാഹ്മിന്‍' എന്ന ചരിത്രാഖ്യാന പുസ്തകത്തിന്‍റെ വായനാനുഭവം അനസൂയ പങ്കുവച്ചു. കെ.പി. റഷീദിന്‍റെ "ലോക്ഡൗൺ ഡേയ്‌സ് - അടഞ്ഞ ലോകത്തിന്‍റെ ആത്മകഥ' എന്ന പുസ്തകം നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. ടി.ഡി. രാമകൃഷ്‌ണന്‍റെ "മാമ ആഫ്രിക്ക' യുടെ വായനാസ്വാദനം കൊമ്പൻ മൂസ നടത്തി. ബീന, ഇഖ്ബാൽ കൊടുങ്ങല്ലൂർ, വിപിൻ കുമാർ, അമൃത സുരേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സീബ കൂവോട് മോഡറേറ്ററായിരുന്നു. ഈ വർഷത്തെ ഖത്തർ സംസ്‌കൃതി സി.വി. ശ്രീരാമൻ പുരസ്കാരം നേടിയ ബീനയെ ചില്ലയിലെ സഹഅംഗങ്ങൾ അനുമോദിച്ചു.