കുവൈത്തിന്‍റെ പതിനാറമത് അമീറായി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിനെ തെരഞ്ഞെടുത്തു
Wednesday, September 30, 2020 2:10 PM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ പതിനാറമത് അമീറായി നിലവിലെ കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിനെ തിരഞ്ഞെടുത്തു . അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് അറിയിച്ചു. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സ്വബാഹിന്റെ അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്നപ്പോൾ പ്രത്യേക ഭരണ പ്രവർത്തനങ്ങൾ വഹിച്ചിരുന്നത് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്നായിരുന്നു. 2006 ഫെബ്രുവരി 20 നാണ് അദ്ദേഹം രാജ്യത്തെ ഭരണപദവിയിൽ അമീറിനുമാത്രം പിറകിൽ വരുന്ന കിരീടാവകാശി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്.

1937 -ല്‍ അഹമദ് അല്‍ സബയുടെ ആറാമത് പുത്രനായാണ് ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്‍റെ ജനനം . 1962 ൽ ഹവല്ലി ഗവർണറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശൈഖ് നവാഫ് 1978 ലും പിന്നീട് 1986 - 1988 കാലത്തും ആഭ്യന്തര മന്ത്രിയായും 1988 - 1990 കാലഘട്ടത്തില്‍ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1991 ൽ തൊഴിൽ മന്ത്രാലയത്തിന്‍റെ താല്‍കാലിക ചുതമല വഹിച്ച അദ്ദേഹം 1994 ൽ നാഷണൽ ഗാർഡ് മേധാവിയായി ചുമതലയേറ്റു .2003 മുതല്‍ 2006 വരെ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് കിരീടാവകാശിയായി ചുമതലേയേറ്റത്.

റിപ്പോർട്ട്: സലിം കോട്ടയിൽ