തിരിച്ചു വരുന്ന പ്രവാസികളെ വന്ദേ ഭാരത് മിഷൻ കൊള്ളയടിക്കരുത് : സോഷ്യൽ വെൽഫെയർ അസോസിയേഷന്‍
Saturday, July 11, 2020 9:35 PM IST
മനാമ: കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയവർക്ക് നാട്ടിലേക്കു മടങ്ങാൻ വേണ്ടി കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കരുതെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷന്‍.

പ്രതിസന്ധിഘട്ടത്തിൽ എയർ ഇന്ത്യക്ക് ലാഭമുണ്ടാക്കാനുള്ള ഗൂഢനീക്കം അനുവദിക്കില്ല. കോവിഡ് ലോക്ക് ഡൗൺ കാലത്ത് വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ "വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ നേരത്തെ എടുത്ത എയർ ഇന്ത്യ ടിക്കറ്റുകൾ ഉപയോഗിക്കാൻ അനുവദിക്കാതെ പുതിയ ടിക്കറ്റ് എടുക്കണമെന്നുമുള്ള നിബന്ധന നിരവധി യാത്രക്കാരെ പ്രയാസത്തിലാക്കിയിട്ടുണ്ട്.

ഇപ്പോൾ ഇന്ത്യയിൽ നിന്ന് പ്രവാസികളെ തിരിച്ചു കൊണ്ട് പോകാൻ വേണ്ടിയും ഇതേ ചൂഷണ നാടകം നടത്താൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ നീക്കം. ഈ യാത്രയ്ക്കും ഹോൾഡിംഗ് ടിക്കറ്റുകൾ പരിഗണിക്കില്ലെന്നു പറഞ്ഞ് പുതിയ ടിക്കറ്റ് വാങ്ങിപ്പിക്കുന്നത് കൊള്ളയാണ്.
ജോലിയില്ലാതെ മാസങ്ങളായി നാട്ടിൽ കുടുങ്ങിയവരാണ്‌ മിക്ക പ്രവാസികളും. മുൻകൂട്ടി എടുത്ത ടിക്കറ്റുകൾ 2021 മാർച്ച് വരെ ഉപയോഗിക്കാം എന്ന് പറയുന്നുണ്ടെങ്കിലും പുതിയ ടിക്കറ്റ് ഇനത്തിൽ വൻ തുകയാണ് വീണ്ടും ഇവർ ചെലവഴിക്കേണ്ടി വരുന്നത്.

ഈ സാഹചര്യത്തിൽ നേരത്തെ ടിക്കറ്റ് എടുത്തവർക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുവാൻ അനുവദിക്കണമെന്നും പ്രവാസികളുടെ ന്യായമായ ഈ ആവശ്യത്തിൽ പൊതു സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു