ഫുജൈറയിൽ ഹോട്ടലിൽ റെയ്ഡ്; മലയാളി യുവതികളടക്കം 9 പേരെ യുഎഇ പോലീസ് രക്ഷപെടുത്തി
Sunday, May 31, 2020 2:20 PM IST
ദുബായ് : അനാശാസ്യ പ്രവർത്തനങ്ങൾക്കും പീഡനത്തിനും ഇരകളായ ഒൻപത്‌ യുവതികളെ ഫുജൈറയിലെ ഹോട്ടലുകളിൽ നിന്നും പോലീസിന്‍റെ സഹായത്തോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് രക്ഷപ്പെടുത്തി.

കേരളം, തെലുങ്കാന , ആന്ധ്രപ്രദേശ് ,തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ ആറു മാസം മുൻപാണ് ജോലി തേടി യുഎഇയിലെത്തിയത്. ബംഗളുരുവിലെ അനധികൃത റിക്രൂട്ടിംഗ് ഏജന്‍റ് ബസവരാജ് കളസാദ് എന്നയാൾക്ക് വൻതുക നൽകിയാണ് ജോലി തരപ്പെടുത്തിയത്. ‍ഡാൻസ് ബാറിലെ നർത്തകിമാർ, ഇവന്‍റ് മാനേജ്‌മെന്‍റ് ജീവനക്കാർ തുടങ്ങിയ തസ്തികകളിൽ ജോലി വാഗ്‌ദാനം നൽകി സന്ദർശക വീസയിലാണ് ഇവിടെ എത്തിച്ചത് . മൂന്നു മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വീതമാണ് എല്ലാവർക്കും ഏജന്‍റ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്.

എന്നാൽ ഫുജൈറയിലെ ഒരു ഹോട്ടലിൽ കുടുങ്ങിയ ഇവർ പിന്നീട് മാനസികമായും ശാരീരികമായും പീഡനങ്ങൾക്ക്‌ ഇരകളാവുകയായിരുന്നു. ഹോട്ടലിൽ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി യുവതികൾ പരാതിപ്പെട്ടു .ഒരാഴ്ച മുൻപ് തമിഴ്നാട്ടുകാരിയായ യുവതി അയച്ച ശബ്ദസന്ദേശമാണ് ഇവരുടെ രക്ഷയ്ക്ക് കാരണമായത്. കഴിഞ്ഞ 3 മാസമായി തങ്ങൾ അനുഭവിക്കുന്ന കൊടിയ പീഡനത്തെക്കുറിച്ചും രക്ഷപെടാനാവാത്ത നിസഹായാവസ്ഥയെക്കുറിച്ചും വിവരിച്ച് പ്രചരിച്ച സന്ദേശം കേൾക്കാനിടയായ നാഷണൽ ഡൊമസ്റ്റിക് വർക്കേഴ്സ്–മൈഗ്രന്‍റ് തമിഴ്നാട് കോ ഓർഡിനേറ്റർ വി.വളർമതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ബംഗളൂരുവിൽ നടത്തിയ അന്വേഷണങ്ങൾ നിഷ്‌ഫലമായതോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയും അധികൃതർ ഫുജൈറ പോലീസിന്‍റെ സഹായത്തോടെ ഹോട്ടലുകൾ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇവരിൽ മൂന്നു പേർ നാട്ടിലേക്കു മടങ്ങി. ബാക്കിയുള്ളവർ അടുത്ത വിമാനങ്ങളിൽ മടങ്ങിപ്പോകാനുള്ള തയാറെടുപ്പിലാണ് .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള