ആടുജീവിതത്തിൽ നിന്നും മോചിതനായി അൻഷാദ് നാട്ടിലേക്ക്
Thursday, December 5, 2019 10:48 PM IST
റിയാദ്: ഇരുപത്തിയഞ്ചു മാസത്തെ ആടുജീവിതത്തിന്‍റെ മറക്കാത്ത ഓർമകളുമായി അൻഷാദ് നാളെ നാട്ടിലേക്ക് വിമാനം കയറുന്നു. 2017 ഒക്ടോബർ18നാണു ഹൗസ് ഡ്രൈവർ വീസയിൽ അൻഷാദ് റിയാദിൽ എത്തുന്നത്. സ്പോൺസറുടെ അതിഥികൾക്ക് ചായയും ഖഹ്വയും നൽകുന്ന ജോലി എന്നായിരുന്നു വീസ നൽകിയ നാട്ടുകാരനായ ഏജന്‍റ് പറഞ്ഞിരുന്നതെങ്കിലും ഒട്ടകത്തെ മേയ്ക്കുന്ന ജോലിയാണ് അൻഷാദിന് ലഭിച്ചത്.

റിയാദിൽ നിന്ന് 350കിലോമീറ്റർ അകലെ സാജിർ എന്ന സ്ഥലത്തുള്ള മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കാൻ തുടങ്ങിയ അൻഷാദിന് തുടർന്നുള്ള ജീവിതം ദുരിതപൂർണമായിരുന്നു.കുടിക്കാൻ ശുദ്ധജലമോ കഴിക്കാൻ ഭക്ഷണമോ ലഭിക്കാതെ സ്പോൺസറുടെ ക്രൂരമായ പീഡനവും ഏൽക്കേണ്ടിവന്നു.

അടുത്തുള്ള സുഡാനികളും ബംഗാളികളും നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയത്.അർഷാദിന്‍റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ സ്പോൺസർ വാങ്ങി വച്ചിരുന്നതുകൊണ്ട് പുറം ലോകവുമായി ബന്ധപ്പെടാനും അൻഷാദിന് കഴിഞ്ഞില്ല.ഒരിക്കൽ സുഡാനി നൽകിയ ഫോണിൽ നിന്നാണ് അൻഷാദ് നാട്ടിലേക്ക് വിളിച്ചു തന്‍റെ ദുരിതകഥ അറിയിക്കുന്നത്. പിന്നീട് അൻഷാദിന്‍റെ നാട്ടുകാരനായ സിയാദ് ദുരിതകഥ അറിയുകയും അവനെ ഇതിൽ നിന്നും മോചിപ്പിക്കുന്നതിന് ശ്രമം നടത്തുകയും ചെയ്തു. അതുപോലെ അൻഷാദിന് നാട്ടിൽ വിളിക്കുന്നതിന് മൊബൈൽ റീചാർജ് കൂപ്പണുകളും നൽകിയിരുന്നു. പിന്നീട് നാട്ടിലുള്ള കുടുംബം പലതവണ കേരള ഗവൺമെന്‍റ് മായും അതുപോലെ നോർക്ക വഴിയും എംബസിയിലേക്ക് പരാതി നൽകുകയും നിരവധി സാമൂഹിക പ്രവർത്തകരും മാധ്യമങ്ങളും അർഷാദിന്റെ മോചനത്തിനായി ശ്രമം നടത്തുകയും ചെയ്തു.

ഒരിക്കൽ ജോലിസ്ഥലത്തുനിന്നും രക്ഷപ്പെട്ട അൻഷാദ് മരുഭൂമിയിലൂടെ 90 കിലോമീറ്റർ സഞ്ചരിച്ച് സമുദാ പോലീസ് സ്റ്റേഷനിൽ എത്തുകയും തന്നെ സ്പോൺസർ പീഡിപ്പിക്കുന്നതായി പരാതി നൽകുകയും എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണം എന്നു പറയുകയും ചെയ്തു. എന്നാൽ സ്പോൺസറെ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥർ അവന്റെ ശമ്പളം മുഴുവനായി നൽകാമെന്നും ഒരു മാസത്തിനുള്ളിൽ നാട്ടിലേക്ക് വിടാം എന്നും എഴുതി വാങ്ങി വീണ്ടും അൻഷാദിനെ സ്പോൺസറോടൊപ്പം വിടുകയാണുണ്ടായത്. പിന്നീടും ശമ്പളമോ ഭക്ഷണമോ നൽകാതെയും പീഡനം തുടർന്നു. ഒടുവിൽ അൻഷാദിന്റെ കുടുംബം റിയാദിലുള്ള ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകരുമായി ബന്ധപ്പെടുകയും അൻഷാദിനെ മോചിപ്പിക്കാൻ സഹായം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഹഫർ അൽ ബാത്തിനിൽ ഉള്ള ഇന്ത്യാ ഫ്രട്ടേർണിറ്റി ഫോറം പ്രവർത്തകനും ഇന്ത്യൻ എംബസി വോളന്‍റിയറുമായ നൗഷാദ് കൊല്ലത്തെ അൻഷാദിന്റെ മോചനത്തിനായി ഇടപെടാൻ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇന്ത്യൻ എംബസിയിൽ നിന്നും അനുമതിപത്രം വാങ്ങിയ നൗഷാദ് കൊല്ലം റിയാദിലെ സാമൂഹിക പ്രവർത്തകൻ മുജീബ് ഉപ്പടയോടൊപ്പം സാമൂദാ പോലീസ് സ്റ്റേഷനിൽ പോകുകയും അവിടെയുള്ള ജബ്ബാർ എന്ന അമ്പലപ്പുഴ സ്വദേശിയുടെ സഹായത്തോടെ അൻഷാദിനെ മോചിപ്പിക്കുകയും അൻഷാദിന് കിട്ടാനുള്ള മുഴുവൻ ശമ്പളവും വാങ്ങി നൽകുകയും ചെയ്തു.കഴിഞ്ഞ നവംബർ പത്തൊമ്പതാം തീയതി മോചിതനായ അൻഷാദ് റിയാദിലെ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം പ്രവർത്തകരുടെ സംരക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞദിവസം പരിശുദ്ധ ഉംറ നിർവഹിച്ചു വന്ന അൻഷാദ് നാളെ നാട്ടിലേക്ക് പോകും. അൻഷാദിനുള്ള വിമാന ടിക്കറ്റ് റിയാദിലെ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ആണ് നൽകിയത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ