ബാബു ഫ്രാന്‍സീസിനെ, പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡായി നിയമിച്ചു
Sunday, December 1, 2019 3:59 PM IST
കുവൈറ്റ്: ബാബു ഫ്രാന്‍സിസിനെ പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡായി നിയമിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ ഭരണസമിതിയുടെ തീരുമാനപ്രകാരം അഡ്വ. ജോസ് അബ്രഹാം പ്രസിഡന്റ്, പ്രവാസി ലീഗല്‍ സെല്‍ & അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് സുപ്രീം കോടതിയാണ് ബാബു ഫ്രാന്‍സിസ് ഒലക്കേങ്കിലിന് നിയമന ഉത്തരവ് ന്യൂഡല്‍ഹിയില്‍ വച്ച് നല്‍കിയത് . 2001 മുതല്‍ കുവൈറ്റില്‍ താമസിക്കുന്ന ബാബു ഫ്രാന്‍സീസ് ഐആര്‍സിഎ / സിക്യുഐ സര്‍ട്ടിഫൈഡ് ലീഡ് ഓഡിറ്ററും & ലീഡ് ട്യൂട്ടറുമായി കുവൈറ്റിലും, വിവിധ രാജ്യങ്ങളിലും സേവനം നല്‍കുന്നു. ലോക കേരളസഭയില്‍ നിലവില്‍ അംഗമാണ്. കൂടാതെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്തോഅറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ (കുവൈറ്റ് ചാപ്റ്റര്‍) പ്രസിഡന്റായും, ഒഎന്‍സിപി എന്ന സംഘടനയുടെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.

ദേശീയ തലത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്ലില്‍ വിരമിച്ച സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍, സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍, ഇന്ത്യയിലെ പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. നീതി ലഭിക്കാന്‍ കഴിയാത്ത സാധാരണ ഇന്ത്യന്‍ പൗരന്‍ നേരിടുന്ന അനേകം വിഷമതകള്‍ ലഘൂകരിക്കുക. ജാതി, മതം, ലിംഗഭേദം, ഭാഷ, ജനന സ്ഥലം മുതലായവയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും അന്തസ്സും സംരക്ഷണവും, ഉറപ്പാക്കുക തുടങ്ങിയവയാണ് പിഎല്‍സി ലക്ഷ്യം. ഇന്ത്യന്‍ പൗരന്റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളും ശരിയായ നീതിയും ഇന്ത്യയില്‍ ലഭിക്കാന്‍ നിയമസഹായവും നല്‍കുന്നു. കൂടാതെ വിദേശ രാജ്യങ്ങളില്‍ തദ്ദേശീയ അഭിഭാഷകരും ,നിയമജ്ഞരുമായി സഹകരിച്ചു കൊണ്ട് , നിയമ ബോധ വല്‍ക്കരണ പരിപാടികളും, നിയമ ഉപദേശങ്ങളും, നിയമ സഹായങ്ങളും നല്‍കി വരുന്നു.

പിഎല്‍സി പാനലിലെ പ്രതിജ്ഞാബദ്ധരായ നിരവധി അഭിഭാഷകര്‍ വിവിധ ജുഡീഷ്യല്‍ ഫോറങ്ങളില്‍ ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ഹാജരായി നിയമ സഹായവും,സൗജന്യ നിയമപരമായ ഉപദേശവും നല്‍കാന്‍ സന്നദ്ധരായി പ്രവര്‍ത്തിക്കുന്നു.പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് വിദഗ്ധരായ പരിശീലകരുടെ പിന്തുണയോടെ പൊതുജനങ്ങളില്‍ നിയമ അവബോധം വ്യാപിപ്പിക്കുന്നതിന് പി എല്‍ സി വിവിധ സ്ഥലങ്ങളില്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ചു വരുന്നു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് പ്രവാസി ലീഗല്‍ സെല്ലിന്റെ രക്ഷാധികാരി