അശാസ്ത്രീയ ഓട നിർമാണം: പരാതിക്ക് പരിഹാരമില്ല
1339238
Friday, September 29, 2023 10:42 PM IST
ആലപ്പുഴ: നഗരസഭ ആറാട്ടുവഴി വാർഡിൽ കളപ്പുര ക്ഷേത്രത്തിനു പിന്നിൽനിന്നു ബൈപാസിലേക്കുള്ള റോഡിൽ കാന പണിതത് അശാസ്ത്രീയമെന്ന് പരാതി. കുറച്ചു ഭാഗത്തു റോഡ് നിരപ്പിൽനിന്ന് വളരെ ഉയരത്തിലാണ് കാനയുടെ മൂടി നിർമിച്ചിരിക്കുന്നത്. ഇതുമൂലം വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനോ സമീപത്തെ വീടുകളിലെ വാഹനങ്ങൾ പുറത്തിറക്കാനോ കഴിയാത്ത അവസ്ഥയാണ്.
റോഡിൽ എതിർവശത്തു നിന്ന് ഒരു സ്കൂട്ടർ വന്നാൽ പോലും കാറിനു കടന്നുപോകാൻ സാധിക്കാത്ത വിധം വീതി കുറഞ്ഞ അവസ്ഥയാണ്. റോഡ് നിരപ്പിൽനിന്ന് ഉയർത്തി കാന പണിതതിലൂടെ വാഹനയാത്രക്കാർ വളരെയധികം ബുദ്ധിമുട്ടുന്നെന്നാണ് പരാതി.
പരാതി കളക്ടർക്ക് നൽകുകയും പരിശോധിച്ച് നിയമനുസൃതമായി നടപടി സ്വീകരിച്ചു റിപ്പോർട്ട് നൽകണമെന്ന് ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറിക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടും ഇതുവരെ ഒരു നടപടിയും മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആക്ഷേപം. നഗരസഭ പൊതുജനങ്ങളോട് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും എത്രയും വേഗം പരിഹാരമുണ്ടാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.