വായനശാല കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും നടത്തി
1560515
Sunday, May 18, 2025 2:05 AM IST
പേരിയ: കരിങ്കല്ലിൽ കർത്തമ്പു വായനശാല ഗ്രന്ഥാലയത്തിനും ത്രിവേണി ക്ലബിനും വേണ്ടി സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും പൊതുജനങ്ങളുടെയും സഹായത്തോടെ നിർമിച്ച ഇരുനില കെട്ടിടം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു. ക്ലബ് വാർഷികാഘോഷവും നടന്നു.
ജനകീയ പങ്കാളിത്തത്തോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ആറുമാസം കൊണ്ടാണ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങിയത്. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ യു. നാരായണൻ നായർ അധ്യക്ഷനായി. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ മുഖ്യാതിഥിയായി.
വായനശാല സെക്രട്ടറി പി. കപിൽ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശൈലജ അയ്യങ്കാവ്, ഗ്രന്ഥലോകം പത്രാധിപർ പി.വി.കെ. പനയാൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമൻ, സെക്രട്ടറി പി. പ്രഭാകരൻ, പി. അപ്പുക്കുട്ടൻ, രാജേന്ദ്രൻ അടുക്കം, ഇ. ബാലകൃഷ്ണൻ, മുരളി പനങ്ങാട്, സുകുമാരൻ കാലിക്കടവ്, പി. ജെ.വർഗീസ്, പി. ഗോപാലൻ, എൻ.വി. രാജൻ, പി. ഗോപി, ക്ലബ്ബ് പ്രസിഡന്റ് പി.രഘു എന്നിവർ പ്രസംഗിച്ചു.