മലയോരത്ത് പുതിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ
1560513
Sunday, May 18, 2025 2:05 AM IST
കാഞ്ഞങ്ങാട്: പ്രധാൻമന്ത്രി ഫസൽ ബീമ യോജനയിൽ ഉൾപ്പെടുത്തി മലയോരത്ത് രണ്ടിടങ്ങളിൽ കൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. കോടോം ബേളൂർ പഞ്ചായത്തിലെ കോടോം, കിനാനൂർ കരിന്തളം പഞ്ചായത്തിലെ കരിന്തളം എന്നിവിടങ്ങളിലാണ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
അതേസമയം വെസ്റ്റ് എളേരി പഞ്ചായത്തിലെ കൂവപ്പാറത്തട്ടിലും പനത്തടി പഞ്ചായത്തിലെ പാണത്തൂർ വട്ടക്കയത്തും നേരത്തേ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ ഇപ്പോൾ പ്രവർത്തനരഹിതമായ നിലയിലാണ്. വിലപിടിപ്പുള്ള ഉപകരണങ്ങളിൽ പലതും കാടുമൂടി. മഴക്കാലം കനക്കുന്നതിനു മുമ്പ് ജൂൺ 15 നകം ഇവ പ്രവർത്തനക്ഷമമാക്കുമെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിനു കീഴിലാണ് ഇവ സ്ഥാപിച്ചത്.
കൃഷിവകുപ്പിനു കീഴിലാണ് പുതിയ രണ്ടിടങ്ങളിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഫസൽ ബീമ യോജനയിൽ ഉൾപ്പെടുത്തി പരപ്പ ബ്ലോക്കിനു കീഴിലെ മറ്റ് പഞ്ചായത്തുകളിൽ ഓട്ടോമാറ്റിക് മഴമാപിനി സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.