കാസർഗോഡിന് മികച്ച എസ്പിസി ജില്ലയ്ക്കുള്ള അവാർഡ്
1560512
Sunday, May 18, 2025 2:05 AM IST
കാസർഗോഡ്: എസ്പിസി കേഡറ്റുകളുടെ സംസ്ഥാന സഹവാസ ക്യാമ്പിൽ മികച്ച എസ്പിസി ജില്ലയ്ക്കുള്ള അവാർഡ് കാസർഗോഡിന്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ഏഴു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിൽ നിന്നുമായി ആയിരത്തോളം കേഡറ്റുകളാണ് പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിൽ കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ് അവാർഡ്.
ക്യാമ്പിന്റെ പാസിംഗ് ഔട്ട് പരേഡിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറിൽ നിന്ന് കാസഗോഡ് പ്ലാറ്റൂൺ കമാൻഡർ പി.വി. ആർദ്ര അവാർഡ് ഏറ്റുവാങ്ങി. കാസർഗോഡിന്റെ വാണി കൃഷ്ണയാണ് പതാകയേന്തി പരേഡ് നയിച്ചത്.
ജില്ലാ പോലീസ് മേധാവി വിജയ്ഭാരത് റെഡ്ഡിയുടെയും എസ്പിസി ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ എസ്പി പി.ബാലകൃഷ്ണൻ നായരുടെയും നേതൃത്വത്തിൽ ജില്ലാ അസി.നോഡൽ ഓഫീസർ എസ്ഐ ടി.തമ്പാൻ, സോഷ്യൽ പോലീസിംഗ് കോ-ഓർഡിനേറ്റർ എസ്ഐ രാമകൃഷ്ണൻ, പ്രദീപൻ കോതോളി, രാജേഷ് കുഞ്ഞിവീട്ടിൽ, ജയശ്രീ, ധന്യ, ശ്യാം, അധ്യാപകരായ അശോകൻ, ടി.ടി.വി.സിന്ധു, സ്മിത ബിന്ദു എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്.
എഡിജിപി ഇന്റലിജൻസ് പി.വിജയൻ, എസ്പിസി സംസ്ഥാന നോഡൽ ഓഫീസർ ഡിഐജി അജിതാബീഗം, മുൻ ജില്ലാ പോലീസ് മേധാവി പി.ബിജോയ് എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.