മഴയെത്തുംമുമ്പേ ചെളിയിൽ മുങ്ങി ചളിയംകോട്
1560243
Saturday, May 17, 2025 2:05 AM IST
കാസർഗോഡ്: കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാതയിൽ ചളിയംകോട് പാലത്തിനു സമീപത്തെ റോഡ് മഴയെത്തുംമുമ്പേ ചെളിയിൽ മുങ്ങി. സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി യന്ത്രസഹായത്തോടെ കുഴിയെടുത്തപ്പോൾ പുറത്തുവന്ന ചെളിവെള്ളമാണ് റോഡരികിൽ തന്നെ തള്ളിയത്.
ഓവുചാലില്ലാത്ത ഭാഗത്ത് ഇത് റോഡിലൂടെ ഒഴുകിപ്പരന്ന നിലയിലാണ്. ഇതോടെ ഇരുചക്രവാഹനങ്ങളും മറ്റു ചെറു വാഹനങ്ങളും അപകടഭീഷണിയിലായി.
കുഴൽകിണർ കുഴിക്കുമ്പോൾ പുറത്തുവരുന്ന തരത്തിലുള്ള ചെളിയാണ് റോഡിലേക്ക് തള്ളിയിരിക്കുന്നത്. ഇത് ഇവിടെനിന്ന് കോരിമാറ്റിയില്ലെങ്കിൽ മഴ വരുന്നതോടെ റോഡിലുടനീളവും താഴെയുള്ള വയലിലേക്കും വ്യാപിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കോട്ടരുവത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് ബസ് യാത്രക്കാർക്കും കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.