നൂറ്റാണ്ടുകളുടെ ചരിത്രസാക്ഷിയായി ആലിൻകീഴിലെ ശിലാചിത്രം
1422795
Thursday, May 16, 2024 1:29 AM IST
നീലേശ്വരം: പാമ്പുകൊത്തിപ്പാറ എന്ന് ആധാരത്തിൽ പേരുള്ള സ്ഥലം 40 വർഷം മുമ്പ് വാങ്ങുമ്പോൾ പടക്ക കമ്പനി നടത്തുന്ന ടി.വി. ദാമോദരൻ അറിഞ്ഞിരുന്നില്ല പ്രസ്തുത സ്ഥലം മഹാശിലാ കാലഘട്ടത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ചരിത്ര ശേഷിപ്പായ ശിലാചിത്രം കോറിയിട്ട അമൂല്യ നിധി ഉൾപ്പെടുന്നതാണെന്ന്.
പുതുക്കൈ വില്ലേജിൽ ആലിൻകീഴിൽ നാല് ഇഞ്ച് കനത്തിൽ കോറിയിട്ട പാമ്പിൻ മുട്ടയ്ക്ക് അടയിരിക്കുന്ന സർപ്പത്തിന്റെ ശിലാ ചിത്രമാണ് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള സംസ്കാരത്തിന്റെ അടയാളപ്പെടുത്തലായി ഇന്നും നിലനിൽക്കുന്നത്.
മഹാശിലാ കാലഘട്ടത്തിലേതെന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയ മൂന്നു കിലോമീറ്റർ പരിധിയിൽ വരുന്ന ബങ്കളം സ്കൂൾ ഗ്രൗണ്ടിന് സമീപത്തുള്ള പള്ളത്തിലെ പുലിയുടേയും എരിക്കുളം വലിയപാറയിലെ തോരണങ്ങളുടെയും 18 കിലോമീറ്റർ ദൂരത്തുള്ള ചീമേനി അരിയിട്ടപാറയിലെ മനുഷ്യരുടെയും മൃഗങ്ങളുടേയും ശിലാചിത്രങ്ങളുടെയും നിർമാണ രീതിയിലാണ് ആലിൻകീഴിൽ സർപ്പത്തിന്റെ രൂപവും കൊത്തിവച്ചിട്ടുള്ളത് എന്നത് കൊണ്ടു തന്നെ രണ്ടായിരം വർഷം വരെ പഴക്കമുള്ളതാണ് ആലിൻകീഴിലെ ശിലാ ചിത്രമെന്ന് അനുമാനിക്കാം.
സാമൂഹ്യ പ്രവർത്തകനായ സതീശൻ കാളിയാനം അറിയിച്ചതനുസരിച്ച് സ്ഥലം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനമായ ഡോ. നന്ദകുമാർ കോറോത്താണ് ശിലാ ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം പ്രദേശവാസികളെ അറിയിച്ചത്.
സർപ്പരൂപം ഇരുമ്പായുധം ഉപയോഗിച്ച് കോറിയിട്ടത്കൊണ്ടാണ് ആധാരത്തിൽ പാമ്പുകൊത്തിപ്പാറ എന്ന സ്ഥലപ്പേര് എഴുതിച്ചേർത്തിട്ടുള്ളത്. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊത്തിയ ചിത്രമായതുകൊണ്ട് തന്നെ മഴതുള്ളികൾ പതിച്ച് ചുറ്റിലും പാറയിൽ ചെറിയ ചെറിയ സുഷിരങ്ങൾ വീണിട്ടുണ്ട്.
വർഷം മുഴുവനും ശിലാചിത്രത്തിന് മുകളിൽ നിറയെ ഇലകൾ വീണുകിടക്കുന്നത് കൊണ്ടാണ് ശിലാ ചിത്രം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടു അധികം പോറലേൽക്കാതെ നിലനിൽക്കുന്നത്.
ബങ്കളത്തും അരിയിട്ട പാറയിലും ശിലാചിത്രങ്ങൾ കോറിയിട്ടത് പള്ളം എന്നറിയപ്പെടുന്ന പ്രകൃതിദത്ത ജലസംഭരണികളിലായത് കൊണ്ട് തന്നെ ആദ്യ മഴയ്ക്ക് ശേഷം മഴത്തുള്ളികൾ ശിലാചിത്രങ്ങളിൽ പതിക്കാറില്ല.
ഈ രണ്ടു കാരണങ്ങളും കൊണ്ടാണ് രണ്ടായിരം വർഷത്തിന് ശേഷവും പൂർണമായി നശിക്കപ്പെടാതെ ചരിത്ര ശേഷിപ്പായി കാസർഗോഡ് ജില്ലയിൽ ശിലാചിത്രങ്ങൾ ഇന്നും കാണപ്പെടുന്നത്.