മാലിന്യപ്ലാന്റിനെ എതിര്‍ക്കുന്ന സമീപനം മാറണം: അഡീഷണല്‍ ചീഫ് സെക്രട്ടറി
1336950
Wednesday, September 20, 2023 6:56 AM IST
ഉദുമ: വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ദ്രവരൂപത്തിലുള്ള കക്കൂസ് മാലിന്യത്തിന്റെ നിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പൊതുജനങ്ങള്‍ തടസം നില്‍ക്കുകയാണെന്നും അത് മാറണമെന്നും ഇത്തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്ക്കുന്നവര് വരുംതലമുറയോട് മറുപടി പറയേണ്ടി വരുമെന്നും തദ്ദേശസ്വയം ഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ശാരദ മുരളീധരന്.
ലളിത് റിസോര്‍ട്ടില്‍ നടന്ന റൈസിംഗ് കാസര്‍ഗോഡ് നിക്ഷേപക സംഗമത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. സിപിഎം ഭരിക്കുന്ന ചെറുവത്തൂര്‍ പഞ്ചായത്തിലെ മടിക്കുന്ന്-മടിവയല്‍ പ്രദേശത്ത് കക്കൂസ് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദമെന്യേ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ശാരദ മുരളീധരന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
ജനങ്ങളെ മുഴുവന്‍ ശുചിമുറികളുടെ ഉപയോഗത്തേക്കുറിച്ച് പഠിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ശൗചാലയങ്ങളില്‍ നിന്ന് സെപ്റ്റിക് ടാങ്കുകളില്‍ എത്തുന്ന മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തെക്കുറിച്ച് അന്ന് ആലോചിച്ചിരുന്നില്ല. നിലവില്‍ അതു വലിയ പ്രതിസന്ധിയായിരിക്കുന്നു. ഈ മേഖലയില്‍ നിക്ഷേപ സാധ്യത കൂടുതലാണ്. ദ്രവരൂപത്തിലുള്ള ഈ മാലിന്യത്തില്‍ നിന്ന് മികച്ച വളം ലഭിക്കും. അതു കൃഷിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ മികച്ച ഫലം ലഭിക്കും എന്നതില്‍ തര്‍ക്കമില്ല. ഇതര സംസ്ഥാനങ്ങളിലെ സമാന രൂപത്തിലുള്ള പ്ലാന്റുകളും അതില്‍നിന്ന് നിര്‍മിക്കുന്ന വളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി രീതിയും കണ്ട് മനസിലാക്കിയാണ് സംസാരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
മാലിന്യ നിര്‍മാര്‍ജനവും കാര്‍ബണ്‍ ക്രെഡിറ്റുമാണ് ഇനി വ്യവസായ നിക്ഷേപത്തിന് കളമൊരുക്കാന്‍ പോകുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
നീലേശ്വരം ബ്ലോക്ക് പരിധിയിലെ ആറു പഞ്ചായത്തുകളിലെയും ഒരു മുനിസിപ്പാലിറ്റിയിലെയും മാലിന്യം സംസ്കരിക്കാനാണ് ഇവിടെ പ്ലാന്റ് നിര്‍മിക്കുന്നത്. നിര്‍ദേശം വന്നപ്പോള്‍ തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധപരിപാടികളുമായി ജനങ്ങള്‍ രംഗത്തിറങ്ങിയിരുന്നു. ശുചിത്വമിഷന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കര്‍ണാടകയിലെ ദേവനഹള്ളിയിലേക്ക് അവിടെ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് സന്ദര്‍ശിക്കാനുള്ള ക്ഷണം സമിതി നിരസിച്ചു. പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 23നു ചെറുവത്തൂര്‍ ടൗണില്‍ ബഹുജന റാലി നടത്താനൊരുങ്ങുകയാണ് ജനകീയസമരസമിതി.