പാണ്ടിയിലെ പ്രത്യേകസംഘം: മന്ത്രിയുടെ അവകാശവാദം വ്യാജം
1281536
Monday, March 27, 2023 1:28 AM IST
കാസര്‍ഗോഡ്: വന്യജീവി ആക്രമണം സ്ഥിരമായി നടക്കുന്ന ദേലംപാടി പഞ്ചായത്തിലെ പാണ്ടിയില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചെന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ അവകാശവാദം വ്യാജം. നിരന്തരം വന്യജീവി ആക്രമണം നേരിടുന്ന പാണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ അഞ്ചു മേഖലകളെ ഹോട്സ്പോട്ടുകളായി നിശ്ചയിച്ച് പ്രത്യേകസംഘത്തെ രൂപീകരിച്ചതായാണ് വനംമന്ത്രി അറിയിച്ചത്.
എന്നാല്‍ ഇങ്ങനെയൊരു സംഘത്തെക്കുറിച്ച് വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു അറിവുമില്ല. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ നേരത്തെയുള്ള ജീവനക്കാര്‍ അല്ലാതെ പുതിയൊരു ക്രമീകരണവും മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടില്ല. ഒരു ജീവനക്കാരനെ പോലും അധികമായി നിയമിച്ചിട്ടുമില്ല. പാണ്ടി സെക്ഷനിലെ ജീവനക്കാര്‍ക്ക് പുറമെ ദ്രുതകര്‍മസേന (ആര്‍ആര്‍ടി)യിലെ രണ്ടു ഫോറസ്റ്റര്‍മാര്‍ മാത്രമാണ് നിലവില്‍ കാട്ടാന പ്രതിരോധത്തിനുള്ളത്.
ആര്‍ആര്‍ടിയിലെ താത്കാലിക ജീവനക്കാര്‍ക്ക് ആനകളെ നേരിടാനുള്ള പരിശീലനം നല്‍കാത്തതിന്റെ പ്രശ്നവും നിലനില്ക്കുന്നു. പാണ്ടി സെക്ഷന്‍ പരിധിയില്‍ ഇപ്പോള്‍ 13 ആനകള്‍ ഉണ്ടെന്നാണ് വനംവകുപ്പിന്റെ തന്നെ കണക്ക്.
നെരോടിയില് കഴിഞ്ഞ ഒരു മാസമായി ഇവ നാശം വിതയ്ക്കുകയാണ്. പാണ്ടി-പള്ളഞ്ചി റോഡരികില്‍ വനംവകുപ്പ് നിര്‍മിച്ച സൗരോര്‍ജവേലി ഉള്ളതുകൊണ്ടാണ് ആനക്കൂട്ടം കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളിലേക്ക് കടക്കാത്തത്. എന്നാല്‍ ചെറിയൊരു വേലികൊണ്ട് ഇവയെ എത്ര കാലം പ്രതിരോധിക്കാന്‍ കഴിയുമെന്ന സംശയം വനംപാലകര്ക്കുമുണ്ട്.
കാറഡുക്ക ആനപ്രതിരോധ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച സോളാര്‍ തൂക്കുവേലിയുടെ എട്ടുകിലോമീറ്റര്‍ പണി പൂര്‍ത്തിയാക്കിയിട്ട് അഞ്ചുമാസത്തിലേറെയായി. രണ്ടാംഘട്ടത്തിലുള്ള ഒമ്പതു കിലോമീറ്റര്‍ വേലിയുടെ പണി ഈ മാസം 31നകം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം. പക്ഷേ ആനശല്യത്തിന് മാത്രം യാതൊരു കുറവുമില്ല. ആനകളെ ജനവാസമേഖലയില്‍ നിര്‍ത്തി വേലി കെട്ടിയിട്ട് എന്തു കാര്യമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കഴിഞ്ഞദിവസം ഇവിടെ രാവിലെ ഏഴുമണി കഴിഞ്ഞും റോഡില്‍ കാട്ടാനയിറങ്ങിയയിരുന്നു.
നാട്ടുകാരെത്തി ആനകളെ ഓടിച്ചാണ് കുട്ടികളെ സ്കൂളിലയച്ചത്. ആനകളെ ഓടിക്കുന്നതില്‍ വനംവകുപ്പ് കാട്ടുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം പുകയുകയാണ്. ആനകളെ ഓടിക്കാന്‍ വനംവകുപ്പിന്റെ കൈയില്‍ ആകെയുള്ള മാര്‍ഗങ്ങള്‍ പടക്കം പൊട്ടിക്കലും തീയിടലുമാണ്. കടുത്ത വേനലില്‍ കാടും കൃഷിസ്ഥലങ്ങളുമെല്ലാം ഉണങ്ങിക്കരിഞ്ഞുനില്ക്കുന്നതിനാല് തീപിടിത്തമുണ്ടാകുമെന്ന പേടിയില്‍ വനംവകുപ്പ് അധികൃതര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍
സ്പെഷല്‍ റിക്രൂട്ട്മെന്റ് വൈകുന്നു
ജീവനക്കാരുടെ കുറവുമൂലം വനംവകുപ്പ് പ്രയാസപ്പെടുമ്പോഴും ബീറ്റ് ഓഫീസര്‍മാരുടെ ജില്ലാതല സ്പെഷല്‍ റിക്രൂട്ട്മെന്റില്‍ നിയമനനടപടികള്‍ വൈകുന്നു. വനാശ്രിതരായ എസ്ടി വിഭാഗത്തിന്റെ 45 ഒഴിവുകളാണ് പിഎസ്സി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കന്നഡ വിഭാഗങ്ങള്‍ക്കായി പിഎസ് സി ജനുവരിയില്‍ നടത്തിയ പരീക്ഷയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഒമ്പതു ജില്ലകളിലായി 345 പേര്‍ക്ക് നിയമന ശിപാര്‍ശ അയച്ചെങ്കിലും ജില്ലയില്‍ അന്തിമ റാങ്ക് പട്ടിക പോലുമായിട്ടില്ല. നിലവില്‍ ജില്ലയില്‍ 33 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാണുള്ളത്. ഇതിലധികം പേരെ ഒറ്റ റിക്രൂട്ട്മെന്റില്‍ നിയമിക്കാനുള്ള അവസരമാണ് ഇപ്പോള്‍ വൈകുന്നത്.
വനംവകുപ്പില്‍ കരാര്‍ ജീവനക്കാരായി 500 ദിവസം ജോലി ചെയ്തവര്‍ക്ക് 40 ശതമാനം, വനമേഖലയുടെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് 60 ശതമാനം എന്നിങ്ങനെയാണ് നിയമനരീതി. ജില്ലയില്‍ നിലവില്‍ 90ലേറെപേര്‍ റാങ്ക് പട്ടികയിലുണ്ട്. കന്നഡ പരീക്ഷയ്ക്കു ശേഷമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകൂ. ഇവരുടെ ഫലം പ്രഖ്യാപിച്ച് കായികക്ഷമത, അഭിമുഖ പരീക്ഷകള്‍ പൂര്‍ത്തിയാക്കണം.
വന്യമൃഗശല്യവും കാട്ടുതീ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലവും ആള്‍ക്ഷാമത്തില്‍ വലയുന്ന വനംവകുപ്പിന് ഈ നിയമനങ്ങള്‍ നടന്നാല്‍ ഏറെ പ്രയോജനപ്പെടും. എത്രയും വേഗം അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.