ഉത്തരവ് കടലാസിൽ മാത്രം! അറുതിയില്ലാതെ എളേരിത്തട്ട് കോളജ് വിദ്യാർഥികളുടെ യാത്രാദുരിതം
1225891
Thursday, September 29, 2022 12:46 AM IST
ഭീമനടി: മേലുദ്യോഗസ്ഥരുടെ ഉത്തരവ് നടപ്പിലാക്കാതെ എളേരിത്തട്ട് ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. കോളജ് വിദ്യാർഥികളോട് കെഎസ്ആർടിസിയുടെ ക്രൂരത. സിഎംഡിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് സോണൽ ഓഫീസർ ജൂലൈ 19ന് ഇറക്കിയ ഓർഡർ പ്രകാരം പയ്യന്നൂർ, കാഞ്ഞങ്ങാട് യൂണിറ്റ് അധികൃതർ വേണ്ട നടപടികൾ എടുത്ത് സർവീസ് ആരംഭിക്കാത്തതിനാൽ എളേരിത്തട്ട് കോളജിലെ 600 ൽ പരം വിദ്യാർഥികളും ജീവനക്കാരും വിഷമിക്കുകയാണ്. പയ്യന്നൂർ ഡിപ്പോയുടെ കാഞ്ഞങ്ങാട്-കൊന്നക്കാട് ഷെഡ്യൂൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോളജിൽ നിന്ന് കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ യൂണിറ്റിൽ നിന്ന് ജൂൺ എട്ടിന് കൊടുത്ത റിപ്പോർട്ട് പ്രകാരം ജൂലൈ 19ന് കോഴിക്കോട് സോണൽ ഓഫീസർ ഓർഡർ ഇറക്കി ഡിപ്പോയിലേക്ക് അയച്ചിട്ട് രണ്ടു മാസമായിട്ടും ബസ് ഇതുവരെയും ഓടാൻ തുടങ്ങിയിട്ടില്ല.
ഇത് കൺസെഷൻ പോലുമില്ലാതെ, ഫുൾ ചാർജ് കൊടുത്ത് കോളേജിലേക്ക് വരുന്ന വിദ്യാർഥികളോട് ചെയ്യുന്ന കടുത്ത അനീതിയാണ്. വിദ്യാർഥികളുടെയും കോളജ് അധികാരികളുടെയും പരാതി പരിഗണിച്ച് ഓർഡർ ഇറക്കിയ നടപടി പയ്യന്നൂർ, കാഞ്ഞങ്ങാട് യൂണിറ്റ് അധികാരികൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.ഈ ഓർഡർ നടപ്പിലാക്കാത്തതിനെ പറ്റി ഓഗസ്റ്റ് 20നു കെഎസ്ആർടിസി സിഎംഡിക്ക് പരാതി നൽകിയെങ്കിലും ഇത് വരെ നടപടി ഒന്നും എടുത്തിട്ടില്ല.
രാവിലെ 6.10 ന് കൊന്നക്കാട് നിന്നുള്ള ട്രിപ്പ് നാട്ടുകാർക്കും രാവിലെ 8.35 ന് നീലേശ്വരത്തു നിന്ന് എളേരിത്തട്ട് കോളജ് വഴി യുള്ള ട്രിപ്പ് വിദ്യാർഥികൾക്കും, ജീവനക്കാർക്കും വളരെ ഉപകാരപ്രദമായിരുന്നു.
ഈ സർവീസ് പുനസ്ഥാപിച്ചാൽ ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് വളരെ ഉപകാരപ്രദമാകും. സർവീസുകൾ പുനരാരംഭിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഗതാഗത മന്ത്രി, സിഎംഡി, എംഎൽഎ എന്നിവർക്ക് പരാതി നൽകി.