റോഡ് പുനര്‍നിര്‍മാണത്തിനിടെ അപ്രത്യക്ഷമായ ഡ്രെയിനേജ് കണ്ടെത്തി
1485088
Saturday, December 7, 2024 5:15 AM IST
മൈക്കാവ്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കൂടത്തായി- മൈക്കാവ് റോഡിന്റെ പരിഷ്ക്കരണ പ്രവൃത്തികള്‍ നടത്തിയപ്പോള്‍ കാണാതായ ഡ്രെയിനേജ് കണ്ടെത്തി. കൂടത്തായി - മൈക്കാവ് റോഡില്‍ വളവില്‍ ബസ് സ്റ്റോപ്പിന് സമീപത്തുള്ള ഡ്രെയിനേജാണ് മണ്ണിട്ട് നികത്തിയ നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി ഡ്രെയിനേജ് കൈയേറി മതില്‍കെട്ടുകയായിരുന്നു.
റോഡ് നിര്‍മാണം കഴിഞ്ഞതോടെ വളവില്‍ സ്റ്റോപ്പില്‍ നിലവില്‍ ഉണ്ടായിരുന്ന റോഡിന്റെ വീതി കുറഞ്ഞു. കാല്നയാത്രക്കാര്ക്ക് നടന്നുപോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതോടെ നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്കി. മതില് കെട്ട് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് സ്വകാര്യ വ്യക്തിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
റോഡിന്റെ അളവ് തിട്ടപ്പെടുത്താന്‍ താമരശേരി താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തുകയും ചെയ്തു.
1930നു ശേഷമുള്ള നിലവിലുള്ള താലൂക്ക് സര്‍വേ മാപ്പില്‍ ഈ റോഡ് ഇല്ലാത്തതിനാല്‍ സര്‍വേ നടത്താന്‍ കഴിയാതെ മടങ്ങുകയായിരുന്നു.
എന്നാല്‍, പൊതുമരാമത്ത് വകുപ്പിന് നിലവിലുള്ള ഡ്രെയിനേജ് കാണിച്ചു നല്കുകയാണെങ്കില് ഡ്രെയിനേജ് പുനഃസ്ഥാപിക്കാമെന്ന പ്രകാരം ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയപ്പോള്‍ ഡ്രെയിനേജ് കണ്ടെത്തി. എന്നാല്‍, ഡ്രെയിനേജ് കണ്ടെത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ കാലത്തുണ്ടായ സംഭവം അല്ലായെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
നിലവില്‍ ഉണ്ടായിരുന്ന ഡ്രെയിനേജ് പുനഃസ്ഥാപിക്കുകയും വീതികുറഞ്ഞ റോഡ് പുനര്‍ക്രമീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓവുചാല്‍ മണ്ണിട്ട് മൂടി റോഡിലേക്ക് ഇറക്കി സ്വകാര്യ വ്യക്തി ചുറ്റുമതില്‍ നിര്‍മിച്ചതില്‍ കൂടത്തായി സൗഹൃദകര്ഷക സംഘം ഭാരവാഹികളായ പി.കെ. മൈക്കിള്‍, ബിജു അഗസ്റ്റിന്, തമ്പി പുത്തന്‍പുരയ്ക്കല്‍, ജോസഫ് കുര്യന് എന്നിവര്‍ പ്രതിഷേധിച്ചിരുന്നു. സര്‍വേയറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കൊടുവള്ളി അസി. എന്‍ജിനീയര്‍ അറിയിച്ചു.