നവീകരണം: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പ്രധാന കവാടം അടയ്ക്കുന്നു
1485095
Saturday, December 7, 2024 5:15 AM IST
കോഴിക്കോട്: നവീകരണം നടക്കുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാന കവാടം 10 മുതല്‍ അടക്കും. സ്വകാര്യവാഹനങ്ങള്‍ ആനിഹാള്‍ റോഡ് ജംഗ്ഷന് സമീപമുള്ള എടിഎം കൗണ്ടര്‍ കെട്ടിടത്തിന്റെ വശത്തുകൂടി സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കടക്കണം. സ്റ്റേഷന് കെട്ടിടത്തിന്റെ തെക്കുകിഴക്കെ ഭാഗത്ത് (സംഗം തിയറ്ററിനുസമീപം) കൂടിയായിരിക്കും പുറത്തേക്കുള്ള വഴിയെന്നും അധികൃതർ അറിയിച്ചു. ഓട്ടോകള്‍ക്ക് നിലവിലെ പ്രീപെയ്ഡ് കൗണ്ടറിനു സമീപമുള്ള കവാടം തന്നെ
യായിരിക്കും.
പുതിയ ക്രമീകരണം നടപ്പാക്കുന്നതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകും. വീതികുറഞ്ഞ ഈ റോഡില്‍ അഴുക്കുചാല്‍ അറ്റകുറ്റപ്പണികൂടി നടക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കും. സംഗം തിയറ്ററിനും ആനിഹാള്‍ റോഡ് ജംഗ്ഷനും ഇടയിലുള്ള ആല്മരത്തോടുചേര്ന്ന പുറത്തേക്കുള്ള വഴിയിലും കുരുക്കുണ്ടാക്കും. ഈ ഭാഗത്ത് വേണ്ടത്ര വെളിച്ചമില്ലാത്തത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്ന ആശങ്കയുമുണ്ട്.