കൂരാച്ചുണ്ട്-വട്ടച്ചിറ-വയലട റോഡിനായി നാളെ ജനകീയ മലകയറ്റം
1484781
Friday, December 6, 2024 4:37 AM IST
കൂരാച്ചുണ്ട്: ജില്ലയിൽ അറിയപ്പെടുന്ന ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്ന പനങ്ങാട് പഞ്ചായത്തിലെ വയലട ടൂറിസം കേന്ദ്രത്തേയും കൂരാച്ചുണ്ട് പഞ്ചായത്തിലെ തോണിക്കടവ്, കരിയാത്തുംപാറ, കക്കയം ടൂറിസം കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പത്താം വാർഡിൽ ഉൾപ്പെടുന്ന കൂരാച്ചുണ്ട് - വട്ടച്ചിറ - വയലട റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യവുമായി റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വയലട മലകയറ്റം നടത്തുന്നു.
നാളെ രാവിലെ എട്ടിന് വട്ടച്ചിറ നിന്നും ജനപ്രതിനിധികൾ, വിദ്യാർഥികൾ അടക്കമുള്ള നൂറിലേറെ പേർ വയലട മലകയറ്റത്തിൽ പങ്കെടുക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1950 കളിലെ കുടിയേറ്റകാലം മുതൽ വട്ടച്ചിറയിൽ നിന്നും വയലടയിലേക്ക് നടപ്പ് വഴിയുണ്ടായിരുന്നു. അക്കാലത്ത് നൂറോളം കുടുംബങ്ങൾ ഈ മേഖലയിൽ താമസിച്ചു വരുകയും വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കുമായി മൂന്ന് കിലോമീറ്റർ ദൂരം മാത്രം വരുന്ന ഇതുവഴി നടന്ന് കൂരാച്ചുണ്ടിലെത്തിയിരുന്നു. എന്നാൽ, പിന്നീട് ഈ വഴി ഉപയോഗിക്കാതെയായി. ഇപ്പോൾ വട്ടച്ചിറ - വയലട റോഡ് യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമം ഇരുപഞ്ചായത്തുകളും നടത്തുന്നുണ്ട്. വട്ടച്ചിറ നിന്നും വലയലടയിലേക്കുള്ള 2.650 കിമീ ദൂരം 4 മീറ്റർ വീതിയിൽ നിലവിൽ റോഡുണ്ട്. ബാക്കിയുള്ള 350 മീറ്റർ ദൂരത്തിലുള്ള നടപ്പുവഴിയിൽ റോഡ് നിർമിക്കാൻ ആക്ഷൻ കമ്മിറ്റി സ്ഥല ഉടമകളിൽ നിന്നും അനുമതിയും വാങ്ങി കഴിഞ്ഞു.
തുടർന്ന് റോഡ് 8 മീറ്റർ വീതിയിലാക്കാനും തുടർന്ന് സർക്കാർ തലത്തിൽ ഇടപെടൽ നടത്തി ലക്ഷ്യപ്രാപ്തിയിലെത്താനുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ നാ
ട്ടുകാർ.
കൂരാച്ചുണ്ടിൽനിന്നും വട്ടച്ചിറക്കുള്ള റോഡ് എട്ട് മീറ്റർ വീതിയാണുള്ളത്. ഇവയെ തമ്മിൽ ബന്ധിപ്പിച്ചുള്ള റോഡ് സാധ്യമായാൽ എല്ലാ മേഖലകളിലും ഏറെ വികസനം സാധ്യമാകുമെന്നാണ് അഭിപ്രായം ഉയർത്തുന്നത്. ചടങ്ങിൽ കെ.എം. സച്ചിൻദേവ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
റോഡ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ജോസഫ് വെട്ടുകല്ലേൽ, പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, മെമ്പർമാരായ ഒ.കെ. അമ്മദ്, വിജയൻ കിഴക്കയിൽമീത്തൽ ഭാരവാഹികളായ എൻ.കെ. കുഞ്ഞമ്മദ്, രാജൻ ഉറുമ്പിൽ എന്നിവർ പങ്കെടുത്തു.