അംഗീകാരമില്ലാത്ത സ്കൂൾ നടത്തിപ്പ്: ഒരു ലക്ഷം രൂപ പിഴയിട്ടു
1572498
Thursday, July 3, 2025 5:09 AM IST
പെരിന്തൽമണ്ണ: കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെയോ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതിയോ അംഗീകാരമോ ഇല്ലാതെ നടത്തിവന്ന കാന്പുറം ബുസ്താനുൽ ഉലൂം സെൻട്രൽ സ്കൂൾ അടച്ചുപൂട്ടുന്നതിനും വിദ്യാർഥികൾക്ക് ഒൗപചാരിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് അംഗീകൃത സ്കൂളുകളിലേക്ക് ഉടൻ മാറ്റി ചേർക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി.
പെരിന്തൽമണ്ണ ഉപജില്ലയിലെ കാന്പുറം എഎംഎൽപി സ്കൂൾ മാനേജർ നൽകിയ റിട്ട ഹരജിയിലാണ് ഇടക്കാല വിധി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുൻകാല ഉത്തരവുകൾ മാനിക്കാതെ നിയമംലംഘിച്ചതിന് അണ് എയ്ഡഡ് സ്കൂൾ മാനേജർക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്ന ഓരോ ദിവസത്തിനും 10000 രൂപ വീതം അധികപ്പിഴയും നൽകണമെന്നും ഉത്തരവിൽ പറയുന്നു.
വിധി നടപ്പാക്കുന്നതിന് പോലീസ് സഹായം ഉറപ്പാക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇടക്കാല വിധി ഉടൻ നടപ്പാക്കി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയ കോടതി കേസ് ജൂലൈ 14 ലേക്ക് മാറ്റിവച്ചു.