യുഡിഎഫ് വന്നാൽ ഓരാടംപാലം- മാനത്ത്മംഗലം ബൈപ്പാസിന് ആദ്യപരിഗണനയെന്ന് എംഎൽഎ
1572492
Thursday, July 3, 2025 5:09 AM IST
പെരിന്തൽമണ്ണ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഓരാടംപാലം- മാനത്ത്മംഗലം ബൈപ്പാസിന് ആദ്യ പരിഗണന നൽകുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ. ദേശീയപാതയിലെ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനു വണ്‍വേ സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തെത്തിയതായിരുന്നു എംഎൽഎ.
ഒന്‍പത് വർഷമായി ഭരണം കൈയാളുന്ന ഇടത് സർക്കാർ ഈ ബൈപ്പാസിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അതിനാൽ ഈ സമയത്ത് സിപിഎം പ്രവർത്തകർ എന്തിനാണ് മുറവിളി കൂട്ടുന്നതെന്ന് അറിയില്ലെന്ന് എംഎൽഎ പറഞ്ഞു.
എൽഡിഎഫ് സർക്കാരിനോട് താൻ അടക്കമുള്ളവർ ഓരാടംപാലം- മാനത്ത്മംഗലം ബൈപ്പാസ് വിഷയം നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി റിയാസ് നേരിട്ടെത്തി ഇക്കാര്യം വിലയിരുത്തിയതാണെന്നും ഫണ്ടിന്റെ അപര്യാപ്തതയാണ് മാനത്ത്മംഗലം ബൈപ്പാസ് പദ്ധതി മാറ്റിവയ്ക്കുവാൻ പ്രധാന കാരണമായി പറഞ്ഞതെന്ന് എംഎൽഎ പറഞ്ഞു.
അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ വശങ്ങളിലെ റോഡുകളിലൂടെ വണ്‍വേ സംവിധാനത്തിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അതേസമയം അഴുക്കുചാൽ പ്രവൃത്തികൾ അവതാളത്തിലാണ്. അഴുക്കുചാൽ സംവിധാനമില്ലാതെ കട്ട വിരിച്ചതുകൊണ്ട് പ്രയോജനമില്ലെനനാണ് ഡ്രൈവർമാരും വ്യാപാരികളും യാത്രക്കാരും പറയുന്നത്.
മേൽപ്പാലം റോഡിന്റെ ടാറിംഗ് കൂടി നടത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും അതേക്കുറിച്ച് നടപടിയായിട്ടില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. പെരിന്തൽമണ്ണ ആയിശ കോംപ്ലക്സ് ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലം വരെയുള്ള ഭാഗത്തെ കുഴികൾ അടക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.