മേലേ കാളികാവ് ജനവാസ കേന്ദ്രത്തിൽ കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം
1571974
Tuesday, July 1, 2025 7:48 AM IST
കാളികാവ്: മേലേ കാളികാവ് ജനവാസ കേന്ദ്രത്തിൽ കാട്ടുപന്നിയുടെ ജഡം വന്യമൃഗം വേട്ടയാടി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. മേലേ കാളികാവിലെ പ്രധാന കുളിക്കടവിന് സമീപത്താണ് കാട്ടുപന്നിയുടെ ജഡവും വന്യമൃഗത്തിന്റെ കാൽപ്പാടുകളും കണ്ടത്. മൂന്ന് ഭാഗവും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് മേലേ കാളികാവ്.
പുല്ലങ്കോട് എസ്റ്റേറ്റ് അതിർത്തിയോട് ചേർന്ന ഉള്ളാട്ടിൽ എസ്റ്റേറ്റിനു സമീപത്ത് കഴുങ്ങിൻ തോട്ടത്തിലാണ് ജഡം കാണപ്പെട്ടത്. പന്നിയെ വേട്ടയാടുന്ന ശബ്ദം കേട്ടതായും അജ്ഞാത ജീവി ഓടിപ്പോകുന്നത് കണ്ടതായും പ്രദേശവാസികൾ പറയുന്നു.
കാൽപ്പാടുകൾ അവ്യക്തമാണെങ്കിലും കടുവയുടേതാണെന്ന നിഗമനത്തിലാണ് നാട്ടുകാർ.ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ റാവുത്തൻകാടുമായി മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് മേലേ കാളികാവ്. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് വാർഡ് മെംബർ കവിത സാജു വനപാലകരോട് പറഞ്ഞു.
മേലേ കാളികാവുകാരുടെ പ്രധാനപ്പെട്ട ജലസ്രോതസുകൾക്ക് സമീപത്താണ് കാട്ടുപന്നിയുടെ ജഢം കണ്ടത്. ജനങ്ങളുടെ ജീവന് ഭീഷണിയായതായി പ്രദേശവാസികൾ പറഞ്ഞു. സ്ഥലത്ത് സായുധരായ വനപാലകർ സ്ഥലം പരിശോധിക്കുകയും കാമറ സ്ഥാപിക്കുകയും ചെയ്തു. കാൽപ്പാടുകൾ അവ്യക്തമായതിനാലും പന്നിയുടെ അവശിഷ്ടം മാത്രമായതിനാലും വേട്ടയാടിയ മൃഗം ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കുളിക്കടവിലേക്ക് വരുന്നതും പ്രദേശത്ത് കൂടിയുള്ള സഞ്ചാരവും വനം വകുപ്പ് വിലക്കിയിട്ടുണ്ട്.