ഭൂമിയുടെ ന്യായവില: പരാതി പരിശോധിക്കാൻ അഞ്ചംഗ സംഘം
1571968
Tuesday, July 1, 2025 7:48 AM IST
മഞ്ചേരി: ഏറനാട് താലൂക്കിലെ വെറ്റിലപ്പാറ, ഉൗർങ്ങാട്ടിരി വില്ലേജുകളിൽ ഭൂമിയുടെ ന്യായവില സംബന്ധിച്ച് വ്യാപകമായി പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കുന്നതിനായി അഞ്ചംഗ സംഘത്തെ നിയോഗിച്ച് പെരിന്തൽമണ്ണ സബ് കളക്ടറുടെ ഉത്തരവ്.
ആർഡിഒ ഓഫീസിലെ സീനിയർ സൂപ്രണ്ട്, ജൂണിയർ സൂപ്രണ്ട്, രണ്ട് സീനിയർ ക്ലർക്കുമാർ, ഒരു ക്ലർക്ക് എന്നിവരടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് കരട് പട്ടിക പരിശോധിക്കുന്നതിനായി നിയമിച്ചത്. കരട് പട്ടികയിൽ ഉൾപ്പെട്ട സർവേ സബ് ഡിവിഷൻ നന്പറുകളിൽ ഉൾപ്പെട്ട ഭൂമികൾ സ്ഥല പരിശോധന നടത്തി ജൂലൈ അഞ്ചിന് മുന്പായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഉൗർങ്ങാട്ടിരി, വെറ്റിലപ്പാറ വില്ലേജുകളിലെ ഭൂമികൾക്ക് 2010ൽ നിശ്ചയിച്ച ന്യായവില സംബന്ധിച്ച വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന് പുറമെ 264 ശതമാനവും വർധനവുണ്ടായി. രജിസ്ട്രേഷൻ മുടങ്ങുന്ന സ്ഥിതിയിൽ ജനങ്ങൾ ഏറെ പ്രയാസത്തിലായി. ഇതോടെ ഫെയർവാല്യൂ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യം ശക്തമായി.
പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠിയുടെ നിർദേശ പ്രകാരം ഏറനാട് തഹസിൽദാർ എം. മുകുന്ദന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ എൻ.വി. മറിയുമ്മ, എസ്.ആർ. റെജി, വിഎഫ്എമാരായ വിഷ്ണു പ്രസാദ്, മുഹമ്മദാലി, മണി, സുനിൽകുമാർ, സുരേഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്ന് പരിശോധനകൾ നടത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ഉൗർങ്ങാട്ടിരി വില്ലേജിന്റെ അതിർത്തി പങ്കിടുന്ന പെരകമണ്ണ വില്ലേജിലെ നിലവിലെ ന്യായവില രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ വിലനിർണയ പട്ടിക തയാറാക്കി.
ഇത് പരിശോധിക്കാനാണ് അഞ്ചംഗ സംഘത്തെ നിയോഗിച്ചത്. പരിശോധന പൂർത്തിയാക്കി ഗസറ്റിൽ കരട് പ്രസിദ്ധീകരിക്കും. തുടർന്ന് മതിയായ സമയം നൽകി ആക്ഷേപങ്ങൾ സ്വീകരിച്ചായിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക. ഇത് പൂർത്തിയാകുന്നതോടെ 15 വർഷം നീണ്ടുനിന്ന നാട്ടുകാരുടെ പരാതിക്കും പരിഹാരമാകും.