നിലന്പൂർ - നായാടംപൊയിൽ റോഡ് തകർന്നു
1571973
Tuesday, July 1, 2025 7:48 AM IST
നിലന്പൂർ: നിലന്പൂർ - നായാടംപൊയിൽ മലയോരപാതയിലെ ഗർത്തങ്ങൾ യാത്രക്കാർക്ക് ദുരിതമാകുന്നു. മലയോര പാതയിൽ ആറാം ബ്ലോക്ക് മുതൽ വെണ്ടേക്കുംപൊയിൽ വരെയുള്ള റോഡിന്റെ ഭാഗങ്ങളാണ് പൊട്ടിപൊളിഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസം സൃഷ്ടിക്കുന്നത്. നിലന്പൂർ - നായാടംപൊയിൽ മലയോര ഹൈവേയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന കാരണം പറഞ്ഞാണ് പൊതുമരാമത്ത് വകുപ്പ് റോഡിലെ വലതും ചെറുതുമായ കുഴികൾ നികത്താത്തത്.
ചെറിയ ഫണ്ട് അനുവദിച്ചാൽ ഏറെ പ്രയാസം സൃഷ്ടിക്കുന്ന ഭാഗങ്ങളിലെ കുഴികൾ അടച്ച് പ്രശ്നം പരിഹരിക്കാനാകും. 2004 ലാണ് നിലന്പൂർ -നായാടംപൊയിൽ മലയോര ഹൈവേ യാഥാർഥ്യമായത്. അതിന് ശേഷം അറ്റകുറ്റപണികൾ നടത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന അനാസ്ഥയാണ് റോഡിന്റെ തകർച്ചക്ക് കാരണം.
നിലന്പൂരിൽ നിന്ന്് കക്കാടംപൊയിലിലേക്ക് ആകെയുള്ളത് കെഎസ്ആർടിസിയുടെ ഒരു ബസാണ്. റോഡ് അടിയന്തരമായി അറ്റകുറ്റപണി നടത്തിയില്ലെങ്കിൽ ഈ ബസ് സർവീസ് നിലയ്ക്കും.
മലബാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമായ കക്കാടംപൊയിലിലേക്കുള്ള റോഡ് കൂടിയാണ്. ഒന്പത് ആദിവാസി നഗറുകളിലെ കുടുംബങ്ങളുടെയും നൂറുക്കണക്കിന് കർഷക കുടുംബങ്ങളുടെയും ഏക യാത്രാമാർഗമാണ് ഈ റോഡ്. ഹൈവേ നിർമാണം ഉടൻ ആരംഭിക്കുമെങ്കിലും ഈ മഴക്കാലത്തെ ദുരിതയാത്ര അവസാനിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.