വിദ്യാർഥിയുടെ മുങ്ങിമരണം: തകർന്നത് കുടുംബത്തിന്റെ പ്രതീക്ഷകൾ
1572491
Thursday, July 3, 2025 5:09 AM IST
എടക്കര: ചെന്നൈ താന്പാരത്തെ കരിങ്കൽ ക്വാറിയിൽ പോത്തുകൽ സ്വദേശിയായ വിദ്യാർഥിയുടെ മുങ്ങിമരണം നാടിന്റെ തേങ്ങലായി. തകർന്നത് കുടുംബത്തിന്റെ വാനേളമുയർന്ന പ്രതീക്ഷകളാണ്.
പൂളപ്പാടം കരിപറന്പൻ മുഹമ്മദ് അഷ്റഫിന്റെയും നുസ്റത്തിന്റെയും രണ്ട് മക്കളിൽ മൂത്തവനായ മുഹമ്മദ് അഷ്മിൽ (20) ആണ് കാഞ്ചീപുരം താന്പാരത്ത് കരങ്കൽ ക്വാറിയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
പ്ലസ് ടു പഠനത്തിന് ശേഷം കോഴിക്കോട്ടുള്ള സ്ഥാപനത്തിൽ ഓയിൽ ആൻഡ് ഗ്യാസ് കോഴസിന് ചേർന്ന അഷ്മിൽ ആറ് മാസത്തെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് സഹപാഠികൾക്കൊപ്പം ചെന്നൈയിലെത്തിയത്. ഗുണനിലവാര പരിശോധന വിഭാഗത്തിലായിരുന്നു ഇന്റേണ്‍ഷിപ്പ് ലഭിച്ചത്.
ചെന്നൈയിലെത്തിയിട്ട് രണ്ട് മാസം ആകുന്നതേയുള്ളൂ. ചൊവാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിലാണ് അഷ്മിൽ ക്വാറിയിൽ മുങ്ങിത്താണത്. ബുധനാഴ്ച വൈകുന്നേരം മൂന്നേമുക്കാലോടെയാണ് മൃതദേഹം കണ്ടെടുക്കാനായത്. മൂന്ന് വർഷം മുന്‍പാണ് അഷ്മിലിന്റെ കുടുംബം നിലന്പൂരിൽ നിന്ന് പോത്തുകൽ പൂളപ്പാടത്ത് എത്തുന്നത്.
ഇന്‍േറണ്‍ഷിപ്പിന് ശേഷം ജോലിയിൽ പ്രവേശിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അഷ്മിലും കുടുംബവും. അഷ്മിലിന്റെ പിതാവായ മുഹമ്മദ് അഷ്റഫ് ഓട്ടോ ഡ്രൈവറാണ്. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന അഷ്മിലിന്റെ ആകസ്മിക വേർപാട് കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്.