വി.വസീഫ് പര്യടനം തുടങ്ങി; ഏലംകുളം മനയില്‍ ഹൃദ്യമായ സ്വീകരണം
1396319
Thursday, February 29, 2024 5:02 AM IST
പെരിന്തല്‍മണ്ണ: മലപ്പുറം ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി വി. വസീഫ് പര്യടനം തുടങ്ങി. പെരിന്തല്‍മണ്ണ മണ്ഡലത്തിലാണ് വോട്ടഭ്യര്‍ഥിച്ച് പര്യടനം ആരംഭിച്ചത്. ഇന്നലെ രാവിലെ എട്ടു മണിയോടെ പെരിന്തല്‍മണ്ണ കോടതിപ്പടിയില് നിന്നാണ് പര്യടന തുടക്കം. മുതിര്‍ന്ന സിപിഎം നേതാവ് പി.പി. വാസുദേവന്‍ സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഏരിയ സെക്രട്ടറി ഇ. രാജേഷ് പ്രസംഗിച്ചു.
തുടര്‍ന്ന് കട്ടുപ്പാറ സൈതാലി മന്ദിരത്തിലെത്തിയ സ്ഥാനാര്‍ഥിയെ രക്തസാക്ഷി സൈതാലിയുടെ സഹോദരന് കെ. അബ്ദുറഹ്മാന് ഷാളണിയിച്ച് സ്വീകരിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പി. മൊയ്തീന്‍കുട്ടി പ്രസംഗിച്ചു. തുടര്‍ന്നു ഏലംകുളം മനയിലെത്തിയ വി. വസീഫിന് ഹൃദ്യമായ സ്വീകരണമാണ് കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസിന്റെ ജന്മഗൃഹത്തില്‍ ലഭിച്ചത്.
ഇഎംഎസിന്റെ സഹോദര പുത്രന്മാരായ ബ്രഹ്മദത്തന് നമ്പൂതിരിപ്പാടും നാരായണന് നമ്പൂതിരിപ്പാടും കുടുംബാംഗങ്ങളും സ്വീകരിച്ചു. ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് വസീഫിനെ ഷാളണിയിച്ചാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഇഎംഎസ് സ്മാരകവും സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. ദീര്‍ഘകാലം ഏലംകുളം പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ എം.എം. അഷ്ടമൂര്‍ത്തിയെ സന്ദര്‍ശിച്ച് വസീഫ് അനുഗ്രഹം വാങ്ങി.
ആനമങ്ങാട്ടെ സന്ദര്‍ശന ശേഷം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ജീവനക്കാര്‍ ഒരുക്കിയ സ്വീകരണത്തിലും സ്ഥാനാര്‍ഥി പങ്കെടുത്തു. ആശുപത്രി അങ്കണത്തിലെ ഇഎംഎസ് പ്രതിമയില്‍ വസീഫ് ഹാരാര്‍പ്പണം നടത്തി. കെസിഇയു ഏരിയാ സെക്രട്ടറി ഐ. ശ്രീധരന് പ്രസംഗിച്ചു. പിന്നീട് താഴേക്കോട്ടെ എന്‍ആര്‍ഇജി സമര കേന്ദ്രത്തിലെത്തി തൊഴിലാളികളെ അഭിവാദ്യം ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി. ശശികുമാര്‍, ജില്ലാ കമ്മിറ്റി അംഗം കെ. ശ്യാംപ്രസാദ്, ഏരിയാ സെക്രട്ടറി ഇ. രാജേഷ് എന്നിവരോടൊപ്പമാണ് സ്ഥാനാര്‍ഥി വി. വസീഫ് പര്യടനം നടത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ സി. ദിവാകരന്, ഹംസ പാലൂര്, എം.എ. അജയകുമാര്‍, വാസുദേവന്‍ പുലാമന്തോള്‍ എന്നിവര്‍ പ്രസംഗിച്ചു.