മഞ്ചേരിയിൽ വെള്ളക്കെട്ട് രൂക്ഷം
1339873
Monday, October 2, 2023 1:07 AM IST
മഞ്ചേരി : നിലയ്ക്കാതെ പെയ്ത മഴയിൽ മഞ്ചേരി ചെരണിയിൽ റോഡിൽ വെള്ളക്കെട്ട്. ഒരു മീറ്ററോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഇതുമൂലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
സമീപത്തെ കടകളിലേക്കും വെള്ളം കയറി. മൂന്നു ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം ചെരണിയിലെ പ്രധാന റോഡിൽ കെട്ടിനിൽക്കുകയായിരുന്നു. നിരവധി ബൈക്ക് യാത്രികർ റോഡിലെ വെള്ളക്കെട്ടിൽ വീണു പരിക്കേറ്റു.
താഴ്ന്ന പ്രദേശമാണ് ചെരണി. എന്നാൽ ഇവിടെ വെള്ളം ഒഴുകി പോകാൻ ഡ്രൈനേജ് സംവിധാനങ്ങൾ ഇല്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാക്കുന്നത്.