ലോറിയിൽ മരം കയറ്റുന്നതിനിടെ ദേഹത്തേക്ക് വീണു ഡ്രൈവർക്ക് ദാരുണാന്ത്യം
1246022
Monday, December 5, 2022 10:40 PM IST
പരപ്പനങ്ങാടി: ലോറിയിലേക്കു മരം കയറ്റുന്നതിനിടെ മരം ദേഹത്തേക്കു വീണു ഡ്രൈവർക്കു ദാരുണാന്ത്യം. അരിയല്ലൂർ എംവിഎച്ച്എസ്എസിനു സമീപം പരേതയായ കുന്നത്ത് ദേവയാനി അമ്മയുടെയും കേടാക്കളത്തിൽ ഉണ്ണിനായരുടെയും മകൻ ശ്രീധരൻ (51) ആണ് മരിച്ചത്.
ആനങ്ങാടി ഉഷ നഴ്സറിക്ക് സമീപം തടിമില്ലിനടുത്ത് ഇന്നലെ രാവിലെ പത്തു മണിയോടെ തന്റെ മിനിലോറിയിലേക്കു മരം കയറ്റുന്നതിനു മരപ്പണിക്കാരെ സഹായിക്കുന്നതിനിടെ അടിഭാഗത്തു നിന്ന ശ്രീധരന്റെ ദേഹത്തേക്കു വലിയ തടി മറിഞ്ഞു വീണാണ് ദുരന്തമുണ്ടായത്.
ഗുരുതര പരിക്കേറ്റ ശ്രീധരനെ തൊട്ടടുത്ത സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പ്രവീണ കുന്നത്ത്. മക്കൾ:ആദിത്യൻ, ശ്രീപാർവതി (എംവിഎച്ച്എസ്എസ് വിദ്യാർഥികൾ). സഹോദരങ്ങൾ: മുരളീധരൻ, നവനീത്, കൃഷ്ണൻ, കൃഷ്ണദാസ്, ലളിതകുമാരി. സംസ്കാരം ഇന്നു രാവിലെ പത്തിനു വീട്ടുവളപ്പിൽ.