പച്ചക്കറികളുടെ ഹരിതഭൂമിക എലവഞ്ചേരി
Tuesday, April 1, 2025 3:37 PM IST
പച്ചക്കറി ഉത്പാദനത്തിൽ റിക്കാർഡുകൾ മറികടന്ന് കുതിക്കുന്ന ഒരു പഞ്ചായത്തുണ്ട് കേരളത്തിൽ. പാലക്കാട് ജില്ലയിൽ നെല്ലിയാന്പതി മലകളുടെ താഴ്വാരത്തുള്ള എലവഞ്ചേരി പഞ്ചായത്ത്. ഇവിടെ 350 ഹെക്ടർ പ്രദേശത്തും കൃഷി പച്ചക്കറി മാത്രം.
പാവലും പടവലവുമാണ് കൂടുതൽ. പഞ്ചായത്തിന്റെ മുക്കിലും മൂലയിലുമുണ്ട് പച്ചക്കറി തോട്ടങ്ങൾ. മനോഹരമായ വഴിയോര കാഴ്ചകളാണ് പച്ചക്കറി പന്തലുകൾ. ഒരേ അകലത്തിൽ ഒരേ ഉയരത്തിൽ പച്ചക്കറി വള്ളികൾ ഓടി കയറാൻ കൊതിക്കുന്ന ചന്തമുള്ള പന്തലുകൾ.
ഇവിടെ തൊഴിൽ ക്ഷാമമില്ല. എല്ലാ ദിവസവും എല്ലാവർക്കും പണിയുണ്ട്. കോണ്ക്രീറ്റ് തൂണുകളുടെ നിർമാണം ഉൾപ്പെടെ കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നിരവധി. പച്ചക്കറി കൃഷി ചെയ്യാത്ത വീട്ടുമുറ്റങ്ങളോ പറന്പുകളോ കൃഷിയിടങ്ങളോ അപൂർവം.
വീട്ടുമുറ്റത്ത് പൂച്ചെടികൾക്കു പകരം വിവിധയിനം പച്ചക്കറികൾക്കാണ് സ്ഥാനം. ഏത് കുട്ടിക്കുമറിയാം പച്ചക്കറി കൃഷി. തുള്ളി നന ആദ്യമായി നടപ്പിലാക്കിയത് എലവഞ്ചേരിയിലെ പച്ചക്കറി കർഷകരാണ്.
കോഴി കാഷ്ഠം, ആട്ടിൻ കാഷ്ഠം, ചാണകം, പച്ചില വളങ്ങൾ തുടങ്ങി മണ്ണിനെ കൊല്ലാതെയുള്ള ജൈവവള പ്രയോഗവും കൃഷി മുറകളുമാണ് പച്ചക്കറി കൃഷിയിൽ നൂറ് മേനി തുടർച്ചയായി ലഭിക്കാൻ കർഷകരെ സഹായിക്കുന്നത്.
അനുവദനീയ അളവിൽ മാത്രമാണ് രാസവള പ്രയോഗം. കീടനാശിനികളും നിയന്ത്രണോപാധികളോടെ മാത്രം. വിപണി മുന്നിൽക്കണ്ടും മണ്ണിന് മതിയായ വിശ്രമം കൊടുത്തുമാണ് മാറി മാറിയുള്ള പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്നത്.
മുപ്പത് വർഷം മുന്പ് ഒരു കൂട്ടം യുവാക്കളാണ് വ്യാപാരാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങിയത്. പിന്നെയത് പഞ്ചായത്തിലാകെ വ്യാപിച്ച് പച്ചപ്പിന്റെ ഹരിത ഭൂമികയായി മാറുകയായിരുന്നു.
പഞ്ചായത്തിലെ പനങ്ങാട്ടിരിയിലുള്ള വിഎഫ്പിസികെയുടെ സ്വാശ്രയ കർഷക സംഘത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർ 800 പേരുണ്ട്. എലവഞ്ചേരി പച്ചക്കറി മാർക്കറ്റുകളിലെത്തിയില്ലെങ്കിൽ പച്ചക്കറിക്ക് ഷോർട്ടേജ് വരും. വില കൂടും. അത്രയ്ക്കാണ് എലവഞ്ചേരിയുടെ പ്രാധാന്യം.
പച്ചക്കറികൾ പടർത്താനായി സ്ഥിരമായ പന്തലുകളുണ്ട്. പത്തടി ഉയരമുള്ള കോണ്ക്രീറ്റ് പോസ്റ്റുകളും തേക്കിൻ കഴകളും പന്തൽ നിർമാണത്തിനായി ഉപയോഗിക്കുന്നു. ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളായതിനാൽ ബോർവെൽ വഴിയാണ് ജലസേചനം.
പന്നിക്കോട്, കൊളുന്പ്, പറശേരി, വകനിലം, പുളിയംതോണി, വട്ടേക്കാട്, പല്ലശന, വടവന്നൂർ, മുതലമട തുടങ്ങിയ ഗ്രാമങ്ങളാണ് പ്രധാന ഉത്പാദന കേന്ദ്രങ്ങൾ. ദിവസം 70 ടണ് പാവയ്ക്ക മാത്രം വിഎഫ്പിസികെയുടെ കേന്ദ്രത്തിൽ നിന്നു പുറം മാർക്കറ്റുകളിലേക്ക് കയറ്റി പോകുന്നുണ്ട്.
ഇതിനോടടുത്ത് മറ്റു പച്ചക്കറികളും. ഈ വർഷം മാത്രം 5837 ടണ് പച്ചക്കറി ഉത്പാദിപ്പിച്ച് വിറ്റഴിച്ചു. ഇത് പുതിയ റിക്കാർഡാണെന്ന് പനങ്ങാട്ടിരി കേന്ദ്രം ഡെപ്യൂട്ടി മാനേജർ ബിന്ദു ചന്ദ്രൻ, സംഘം പ്രസിഡന്റ് പി. വി. പ്രസാദ് എന്നിവർ പറഞ്ഞു.
അതായത് ഈ സാന്പത്തിക വർഷത്തിൽ മാത്രം 16 കോടി 27 ലക്ഷം രൂപയുടെ പച്ചക്കറി വിപണനം. ഒരു കോടിയിൽപ്പരം രൂപയുടെ പച്ചക്കറി ഉത്പാദിപ്പിച്ച് വിറ്റ സംഘത്തിലെ ശിവദാസൻ കേരളത്തിലെ തന്നെ ആദ്യത്തെ കോടിപതിയായ പച്ചക്കറി കർഷകനായി.
ചേപ്പലോട് സുനിലും കോടിപതി പട്ടത്തിനടുത്തുണ്ട്. പാലക്കാട് ജില്ലയിലെ പച്ചക്കറി മാർക്കറ്റുകൾക്കു പുറമെ തെക്ക് തിരുവനന്തപുരം വരെയും വടക്ക് കാസർഗോഡ് വരെയും എലവഞ്ചേരിയിൽ നിന്നു പച്ചക്കറി കയറ്റി പോകുന്നുണ്ട്.
ഏറ്റവും കുറഞ്ഞ ഉത്പാദന ചെലവിൽ പച്ചക്കറി ഉണ്ടാക്കുന്ന തമിഴ്നാട്ടിലെ പച്ചക്കറിയുമായാണ് എലവഞ്ചേരി പച്ചക്കറിയുടെ മത്സരം. അതിമാരക കീടനാശിനികൾ തളിച്ചുണ്ടാക്കുന്ന തമിഴ്നാട് പച്ചക്കറി മലയാളിയെ മാറാരോഗികളാക്കി മാറ്റുന്പോൾ അതിൽ നിന്നുള്ള മോചനത്തിന്റെ മത്സരം കൂടിയാണ് എലവഞ്ചേരിയിലെ കർഷകർ നടത്തുന്നത്.
ഇവിടെ പച്ചക്കറികൾക്ക് കുറവ് വന്നാൽ തമിഴ്നാട് പച്ചക്കറി മാർക്കറ്റ് പിടിച്ചടക്കും. കേരളത്തിലെ പച്ചക്കറി മാർക്കറ്റുകളിൽ പച്ചക്കറികളുടെ വിലകൾ പിടിച്ചു നിർത്തുന്നതിലും എലവഞ്ചേരി പച്ചക്കറികൾക്ക് വലിയ പങ്കുണ്ട്.