കണ്ടു പഠിക്കാൻ ആൽവിൻ ഒരു മാതൃക
Wednesday, March 12, 2025 2:18 PM IST
ബെറ്റ് കോളർ ജോലി മാത്രം മതിയെന്നു വാശി പിടിക്കുന്ന യുവതലമുറയ്ക്കു മാറിച്ചിന്തിക്കാൻ അവസരം നൽകുകയാണ് ആൽവിൻ ജോർജ്. ലക്ഷത്തിനുമേൽ മാസശന്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചാണ് ആൽവിൻ ഫാം നടത്തിപ്പിനിറങ്ങിയത്.
അന്ന് ആ തീരുമാനത്തെ വിമർശിച്ചവർ ഇന്ന് ആൽബിനെ പുകഴ്ത്താൻ മത്സരിക്കുകയാണ്. തൊഴിൽ ഏതുമാകട്ടെ, ആത്മാർഥമായി കഷ്ടപെട്ടാൽ ദൈവം വിജയം സമ്മാനിക്കുമെന്നാണ് ആൽവിന്റെ അഭിപ്രായം.
കോട്ടയം ജില്ലയിൽ തലയോലപ്പറന്പ് അരയത്തേൽ ജോർജ് - അച്ചാമ്മ ദന്പതികളുടെ മകനാണ് 38-കാരനായ ആൽവിൻ. മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിടെക്, മാർക്കറ്റിംഗിൽ എംബിഎ എന്നിവ നേടിയശേഷം ഒരു അമേരിക്കൻ കന്പനിയുടെ ഇന്ത്യയിലെയും മറ്റു രാജ്യങ്ങളുടെയും സെയിൽസ് വിഭാഗം തലവനായി മൂന്നു വർഷത്തോളം ജോലി ചെയ്തു.
പത്തു വർഷം മുന്പ് നാട്ടിൽതന്നെ സ്വന്തമായി ഐടി സംരഭം ആരംഭിച്ചു. ഇലക്ട്രോണിക്സ് ഡിവൈസസ്, വാഹനങ്ങളുടെ സോഫ്റ്റ്വെയർ നിർമാണമായിരുന്നു പദ്ധതി. ഇതിനൊപ്പം വീടിനോടു ചേർന്നു പശു ഫാമും തുടങ്ങി.
പിന്നീട് കുടുംബം വക പെരുവ കുന്നപ്പള്ളിക്ക് സമീപമുള്ള മൂന്നേക്കർ സ്ഥലത്തേക്ക് ജിയോ ഫാംസ് എന്ന പേരിൽ ഫാം വിപുലപെടുത്തി മാറ്റി സ്ഥാപിച്ചു. പശുക്കളെ കുളിപ്പിക്കുന്നതും തീറ്റ കൊടുക്കുന്നതും കറവയുമെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നടക്കുന്നത്.
ചെമ്മരിയാട്, ഇറച്ചിക്കുള്ള ഹൈബ്രിഡ് ആടുകൾ, വിവിധയിനം മത്സ്യങ്ങൾ, താറാവ്, എന്നിവയും ഫാമിനോട് ചേർന്ന് വളർത്തുന്നുണ്ട്. ഇപ്പോൾ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 45 പശുക്കൾ ഫാമിലുണ്ട്. ദിവസം 375 ലിറ്ററോളം പാൽ ലഭിക്കും.
അതിൽ 250 ലിറ്ററും എറണാകുളത്ത് ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് എത്തിച്ചു കൊടുക്കും. ബാക്കി തലയോലപ്പറന്പ് ക്ഷീരസംഘത്തിന് നൽകും. ഫാമിൽനിന്ന് മാത്രം മാസം ഏതാണ്ട് മൂന്നു ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് ആൽവിൻ വെളിപ്പെടുത്തി.
ഫാമിലെ ചാണകം ഉപയോഗിച്ചുള്ള ബയോഗ്യാസിൽ നിന്നു സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ഉദ്പാദിക്കാനുള്ള ഗവേഷണത്തിലാണ് ആൽവിൻ. ഫാമിനോടനുബന്ധിച്ചു നാട്ടുകാരായ പത്ത് പേർക്ക് ജോലി നൽകാനും ആൽവിന് കഴിയുന്നു.
മാതാപിതാക്കളും ഭാര്യ ഡിനുമോളും ആൽവിന് സഹായവുമായി ഒപ്പമുണ്ട്. ആഞ്ജലീന, ബർന്നീസ്, കരോളിൻ എന്നിവരാണ് മക്കൾ.
ഫോണ്: 9746120384