ചന്ദ്രഗിരി മഞ്ഞ കാപ്പി; ഈ കാപ്പിക്ക് വിളവും രുചിയും ഏറെ
Tuesday, February 25, 2025 1:15 PM IST
അത്രകണ്ടു പരിചയമില്ലാത്ത ഒരിനം കാപ്പിയാണു ചന്ദ്രഗിരി. സാധാരണ കാപ്പിക്കുരു പഴുത്താൽ കറുപ്പ് കലർന്ന ചുവപ്പ് നിറമായിരിക്കും. എന്നാൽ, ചന്ദ്രഗിരിയുടെ കുരുവിനു മഞ്ഞ നിറമാണ്.
ഇടുക്കി ജില്ലയിൽ വെള്ളത്തൂവൽ ഷാരോണ്പുരം സ്വദേശിയായ പാണക്കുഴിമലയിൽ സാമിന്റെ കൃഷിയിടത്തിന് അഴക് പകരുന്ന ചന്ദ്രഗിരി മഞ്ഞ കാപ്പിക്ക് വിളവും രുചിയും ഏറും.
തന്റെ മൂന്നേക്കറോളം വരുന്ന കൃഷിയിടത്തിലെ മറ്റു വിളവുകൾക്കൊപ്പവും വീട്ടിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും വച്ചുപിടിപ്പിച്ചിരിക്കുന്ന മഞ്ഞ കാപ്പി കായിട്ടു നിൽക്കുന്നതു കാണുന്നതു തന്നെ കണ്ണിനും മനസിനും കുളിർമ പകരുന്ന കാഴ്ചയാണ്.
കുറഞ്ഞ സ്ഥലത്ത് നിന്നു കൂടുതൽ വിളവ് നൽകുന്ന ഈ ഇനം കാപ്പിയുടെ വിവരങ്ങൾ കേട്ടറിഞ്ഞ് നിരവധി കർഷകരാണ് തൈകൾ വാങ്ങാൻ എത്തുന്നതെന്ന് സാം പറഞ്ഞു.
കാപ്പിക്കുരു ഉണക്കി പൊടിച്ചു വീട്ടിലെ ആവശ്യത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇതിന്റെ കാപ്പിപ്പൊടി ഇട്ടു തിളപ്പിച്ചെടുക്കുന്ന കാപ്പിയുടെ രുചി മറ്റു കാപ്പി പൊടികളിൽ നിന്ന് ഏറെ വ്യത്യസ്തവും ആസ്വാദ്യകരവുമാണ്.
തായിവേര് ആഴത്തിൽ വളരാത്തതുകൊണ്ടു മറ്റു കൃഷികൾക്ക് ദോഷകരമാകുന്നുമില്ല. കീടാക്രമണങ്ങളും കേടുകളുമില്ലാത്തതിനാൽ തികച്ചും ജൈവ രീതിയിൽ വളർത്താനും കഴിയുന്നു. മൂന്നു മുതൽ അഞ്ചടി വരെ അകലത്തിൽ നടാം.
രണ്ടാം വർഷം മുതൽ കായ് പറിക്കാം. ഏഴു മുതൽ 9 വർഷം വരെ നല്ല വിളവ് ലഭിക്കും. സാമിന് 15 വർഷം മുന്പാണ് ചന്ദ്രഗിരിയുടെ തൈകൾ ലഭിച്ചത്. കായുണ്ടായശേഷം അരികളെടുത്ത് പാകി കൂടുതൽ തൈകൾ ഉത്പാദിപ്പിച്ചു.
പിന്നെ കൂടുതൽ എണ്ണം നട്ടു പരിപാലിച്ചു. ചാണകപ്പൊടി മാത്രമാണ് വളമായി നൽകുന്നത്. റോബസ്റ്റ, അറബി ഇനം കാപ്പികളും അദ്ദേഹത്തിനുണ്ട്.
ജാതി, കുരുമുളക്, ഏലം വിവിധതരം വാഴകൾ, വാനില എന്നിവയും പഴവർഗങ്ങളായ മാങ്കോസ്റ്റിൻ അവ്ക്കാഡോ, റംബുട്ടാൻ, ഡ്രാഗണ് ഫ്രൂട്ട്, പലതരം മൾബറികൾ, മികച്ച ഉത്പാദനമുള്ള ചെറുനാരകം എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
ഇതോടൊപ്പം പശു ആട് എന്നിവയെയും പരിപാലിച്ചു വരുന്നു. ബഡിംഗിലും ഗ്രാഫ്റ്റിംഗിലും ലയറിംഗിലും താത്പര്യമുള്ള സാം അവയും ഏറെ ശ്രദ്ധയോടെ ചെയ്യുന്നു.
ബഡ് ചെയ്ത ജാതി, റംബുട്ടാൻ തൈകൾ വ്യാപകമായി തന്റെ നഴ്സറിയിലൂടെ സാം വിതരണം ചെയ്യുന്നുണ്ട്. ഭാര്യ സോഫിയും മക്കളായ ജിസോയും സിജോയും കട്ടക്ക് സാമിനൊപ്പമുണ്ട്.
ഫോണ്: 9446129696.