യുവത്വത്തിന്റെ ക്ഷീരവൈബ്
ഡോ. എം. മുഹമ്മദ് ആസിഫ്
Thursday, February 20, 2025 2:44 PM IST
കേരള വെറ്ററിനറി സർവകലാശാലയിൽനിന്നു ഡയറി ഡിപ്ലോമയും ഡയറി ടെക്നോളജിയിൽ ബി.ടെക്കും നേടി, പഠിച്ചതൊക്കെയും യാഥാർഥ്യമാക്കാൻ സ്വന്തമായൊരു ഡയറി ഫാം തുടങ്ങിയ യുവഎഞ്ചിനിയറാണ് മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി പി.സി. ജംഷീർ.
പഠനകാലത്ത് നേടിയ അറിവുകളും പ്രഫഷണലിസവും ഫാമിംഗിൽ പ്രയോഗിച്ചതോടെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ പണവും പാലും വേണ്ടുവോളം ചുരത്തിത്തുടങ്ങി ജംഷീറിന്റെ ഡയറി ഫാം. പശുവളർത്തൽ പാഷനും പ്രഫഷനുമാക്കിയ ഈ ഇരുപത്തിയെട്ടുകാരനെ തേടിയെത്തിയ അംഗീകാരങ്ങളും നിരവധി.
ഡയറി ഫാമിംഗ് മേഖലയിൽ അറിവിന്റെയും അനുഭവത്തിന്റെയും ഒരു എൻസൈക്ലോപീഡിയ തന്നെയായി മാറിയിരിക്കുന്നു ജംഷീർ.
പാഷനും പ്രഫഷനും
പി.സി.എം. എന്നു പേരിട്ട ജംഷീറിന്റെ ഫാമിന്റെ തുടക്കം ഏഴുവർഷങ്ങൾക്ക് മുന്പു രണ്ടുപശുക്കളിൽ നിന്നാണ്. ഇന്നു കറവപ്പശുക്കളും കിടാക്കളും കിടാരികളുമെല്ലാമായി എഴുപതോളം കാലികൾ ഫാമിലുണ്ട്.
ഡിപ്ലോമ പഠനകാലത്ത് ചെറിയ രീതിയിൽ തുടക്കമിട്ട ക്ഷീരസംരംഭത്തെ ഘട്ടംഘട്ടമായി വിപുലീകരിച്ച് ഇന്ന് കാണുംവിധം ഒരു മിനി ഹൈടൈക്ക് ഫാമാക്കി മാറ്റിയതിനു പിന്നിൽ ജംഷീറിന്റെ കഠിനാധ്വാനത്തിന്റെ കൈയൊപ്പുണ്ട്.
ഈ ഫാമിൽ നിന്നുള്ള പ്രതിദിന പാലുത്പാദനം 380 ലിറ്ററോളമാണ്. പ്രതിദിനം 38 ലിറ്ററോളം പാൽ ചുരത്തുന്ന പശുക്കൾ വരെ ജംഷീറിന്റെ ഫാമിലുണ്ട്. പശുവളർത്തൽ നടത്തുകയും നടത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പാഠപുസ്തകമാക്കി മാറ്റാവുന്ന ശാസ്ത്രീയ പരിപാലനമുറകളാണ് ജംഷീറിന്റെ ക്ഷീരസംരംഭത്തിന്റെ കരുത്ത്.
തൊഴുത്ത് നിർമാണത്തിൽ തുടങ്ങി മാലിന്യനിർമാർജനത്തിൽ വരെ ആ പ്രഫഷണൽ സമീപനം കാണാം. തൊഴുത്തിലെ ചൂട് കുറച്ചു പശുക്കൾക്കു പാൽ ചുരത്താൻ പറ്റിയ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി ഒത്ത നടുക്ക് ആറ് മീറ്റർ ഉയരവും വശങ്ങളിൽ നാലര മീറ്റർ ഉയരവുമുള്ള ഡബിൾ മോണിറ്റർ രീതിയിലാണ് ഇരട്ടവരി(ഹെഡ് റ്റു ഹെഡ്) തൊഴുത്തിന്റെ രൂപകല്പന.
ഫാം കെട്ടിടത്തിന്റെ നാല് വശങ്ങളിലും ഭിത്തിക്കു മുക്കാൽ മീറ്റർ മാത്രമേ ഉയരമുള്ളൂ. തടസങ്ങളില്ലാതെ ഫാമിലേക്ക് കാറ്റും വെളിച്ചവും കയറാനാണ് ഈ ക്രമീകരണം. പശുക്കളുടെ മേനി തണുപ്പിക്കാൻ മിസ്റ്റ്, ഫോഗർ സംവിധാനങ്ങളും തറയിൽ റബർ മാറ്റും ഇടതടവില്ലാതെ കുടിവെള്ളം ഉറപ്പാക്കാൻ ഓട്ടോമാറ്റിക് ഡ്രിങ്കിംഗ് വാട്ടർ ബൗളുകളും തൊഴുത്തിലുണ്ട്.
പശുക്കളുടെ വിശ്രമവേളകൾ ആനന്ദകരമാക്കാൻ മ്യൂസിക്ക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ആവശ്യങ്ങൾക്കായി ക്ഷീരവികസനവകുപ്പിന്റെ സഹായത്തോടെ സോളാർ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.
ചാണകം ഉണക്കിപ്പൊടിച്ച് സംസ്കരിക്കാൻ യു.വി ഷീറ്റിൽ പ്രവർത്തിക്കുന്ന ഉപകരണവുമുണ്ട്. ഇടവേളകളില്ലാത്ത മേൽനോട്ടം ക്ഷീരസംരംഭത്തെ സംബന്ധിച്ച് ഒഴിച്ചു കൂടാനാവാത്തതാണ്. മേൽനോട്ടത്തിനു തൊഴിലാളികളുണ്ടെങ്കിലും തൊഴുത്തിലും പുറത്തുമെല്ലാം സി.സി.ടി.വി. കാമറകളുണ്ട്.
ഫാമിലേക്കുള്ള കാലിത്തീറ്റ സ്വയം തയാറാക്കാനായി ഒരു മിനി ഫീഡ് പ്ലാന്റാണ് ഇനിയുള്ള ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങൾ പകുതിയോളമായി.

എല്ലായിടത്തും പ്രഫഷണൽ ടച്ച്
മുടക്കമില്ലാതെ ഒരേ അളവിൽ പാലുത്പാദനം സാധ്യമാവണമെങ്കിൽ ഫാമിലെ വലിയ പശുക്കളിൽ എഴുപത്തിയഞ്ച് ശതമാനം എപ്പോഴും കറവയിൽ ആയിരിക്കണം. ബാക്കി പശുക്കൾ വറ്റുകാലത്തിലായിരിക്കും.
ഈയൊരു വിജയാനുപാതം ഉറപ്പാക്കുന്ന രീതിയിലാണ് പശുക്കളുടെ തെരഞ്ഞെടുപ്പ്, ഒഴിവാക്കൽ, കൃത്രിമ ബീജാധാനം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തീറ്റപ്പുൽ കൃഷി സ്വന്തമായുണ്ടെങ്കിൽ തീറ്റച്ചെലവിന്റെ അധികഭാരം കുറയ്ക്കാം.
മാത്രമല്ല ഗുണമേ·യുള്ള തീറ്റപ്പുല്ല് സുലഭമായുണ്ടെങ്കിൽ അതിന്റെ നേട്ടം പശുക്കളുടെ പാലുത്പാദനത്തിലും പ്രത്യുത്പാദന മികവിലും പ്രതിഫലിക്കുകയും ചെയ്യും. ഫാമിന് സമീപത്തും, പാട്ടത്തിനെടുത്ത സ്ഥലത്തുമായി അഞ്ചേക്കറിലാണു തീറ്റപ്പുൽകൃഷി.
ഓരോ പശുവിനും ആണ്ടിലൊരു പശുക്കിടാവ് എന്നതാണ് അദ്ദേഹത്തിന്റെ ബ്രീഡിംഗ് പോളിസി. ഒരു പ്രസവം കഴിഞ്ഞ് രണ്ടു മാസം കഴിയുന്പോൾ അടുത്ത കൃത്രിമ ബീജാധാനം നിർബന്ധമായും നടത്തും.
ഈ രീതി സ്വീകരിച്ചാൽ ഉത്പാദനക്ഷമമായ പത്ത് മാസത്തെ കറവക്കാലവും രണ്ടു മാസം നീളുന്ന വറ്റുകാല വിശ്രമവും പശുക്കൾക്ക് ഉറപ്പാക്കാം, ഒപ്പം വർഷത്തിൽ ഒരു കിടാവിനെയും.
ജൈവകൃഷിയുടെ ക്ഷീരമാതൃക
ഡയറി ഫാം സ്ഥിതിചെയ്യുന്ന വിശാലമായ രണ്ടേക്കറിൽ പശുക്കൾ മാത്രമല്ല പഴം, പച്ചക്കറി കൃഷികളാലും സമൃദ്ധമാണ്. തണൽ വിരിച്ചു നിൽക്കുന്ന തെങ്ങുകളും കമുകുകളും തഴച്ചു വളരുന്നു. ജൈവകൃഷിയിടത്തിന്റെ ഒത്ത നടുവിലാണ് തൊഴുത്ത്.
പശുക്കൾക്ക് കൂട്ടായി നാടൻ കോഴികളും താറാവുകളുമുണ്ട്. മുട്ടയുത്പാദന മികവേറിയ ബി.വി. 380 ഇനം മുട്ടക്കോഴികളും ഫാമിന്റെ ഭാഗമാണ്. ഒപ്പം മലബാറി ആടുകളുടെ ചെറുതല്ലാത്ത ഒരു ശേഖരവും. ഒരു തരി മണ്ണുപോലും വെറുതെ കളയാത്ത രീതിയിലാണ് ക്രമീകരണം.
ഫാമിൽ നിന്നുള്ള ചാണകവും, മൂത്രവും, സ്ലറിയും ഉപയോഗിച്ച് ജൈവരീതിയിലാണ് കൃഷി. മൾച്ചിംഗും കംപോസ്റ്റിംഗുമെല്ലാം ഈ രണ്ടേക്കറിൽ ജംഷീർ പരീക്ഷിക്കുന്നുണ്ട്.
പാൽ പ്രധാന വരുമാനം
പാൽ വില്പന തന്നെയാണ് പ്രധാന വരുമാന സ്രോതസ്. പ്രതിദിന പാൽ ഉത്പാദനത്തിന്റെ നല്ലൊരു പങ്ക് മിൽമയ്ക്കാണ് നൽകുന്നത്. പ്രാദേശിക വിപണനവുമുണ്ട്. തൈര്, നെയ്യ് തുടങ്ങിയവയുടെ വില്പനയുമുണ്ട്.
ശരാശരി 15 ലിറ്റർ പാൽ ലഭിക്കുന്ന ഒരു പശുവിൽ നിന്ന് തീറ്റ, ചികിത്സ അടക്കം എല്ലാ ചെലവുകളും കഴിച്ചാലും മാസം ചുരുങ്ങിയത് അയ്യായിരം രൂപയെങ്കിലും ആദായം കിട്ടും. കറവ പശുക്കളുടെ എണ്ണത്തിനും ഉത്പാദനത്തിനുമൊത്ത് ആകെ ആദായവും ഉയരും.
ഒപ്പം ജൈവകൃഷിയിൽ നിന്നുള്ള വരുമാനവും. ഫാമിന്റെ ലാഭവിഹിതത്തിൽ നിന്ന് തന്നെ പുതിയ പശുക്കളെ വാങ്ങുന്നതിനടക്കമുള്ള ചെലവുകൾ കണ്ടെത്തും. ഫാം കണ്സൾട്ടൻസിയും ജംഷീറിനുണ്ട്.
ഫോണ്: 9633016721