പിവിസി പൈപ്പിലും കറുത്ത പൊന്ന്
Saturday, March 1, 2025 4:37 PM IST
പിവിസി പൈപ്പിൽ കുരുമുളക് വള്ളി പടർത്തി അധിക വരുമാനം നേടാമെന്നു തെളിയിച്ചിരിക്കുകയാണ് മലപ്പുറം വളാഞ്ചേരി തൊഴുവാനൂർ മണ്ണേക്കര വീട്ടിൽ ഹസൻ കുട്ടി. കുരുമുളക് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നമാണു താങ്ങുമരങ്ങളുടെ ബലക്ഷയം.
കരുത്തോടെ പടർന്നു കയറുന്ന കുരുമുളക് വള്ളികളുടെ ഭാരം താങ്ങാനാവാതെ കാറ്റിലും മഴയിലും താങ്ങുമരങ്ങൾ ഒടിഞ്ഞു വീഴുന്നതു സാധാരണയാണ്. അതുവഴിയുണ്ടാകുന്ന നഷ്ടം കണക്കാക്കാവുന്നതിന് അപ്പുറമാണു താനും.
ഉയരമുള്ള മരങ്ങളിൽ നിന്ന് വിളവെടുക്കുക എന്നതും മറ്റൊരു വെല്ലുവിളിയാണ്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ഹസൻകുട്ടിയുടെ പിതാവ് അവറാൻ 20 വർഷം മുന്പ് പിവിസി പൈപ്പുകളിൽ കുരുമുളക് വള്ളികൾ കയറ്റി പരീക്ഷണം നടത്തിയത്.
കൃഷിയുടെ തുടക്കത്തിൽ പിവിസി പൈപ്പുകൾ സ്ഥാപിക്കാനായി അല്പം സാന്പത്തിക ചെലവ് വരുമെങ്കിലും കുരുമുളക് ചെടികൾ പൂർണ വളർച്ചയെത്തിയാൽ ഒറ്റ വിളവെടുപ്പിൽ അതു മുതലാക്കാൻ കഴിയും.
ഒരു ചുവട്ടിൽ നിന്നു മൂന്നു കിലോ വരെ ഉണങ്ങിയ കുരുമുളക് ലഭിക്കും. ആദ്യഘട്ടത്തിൽ ഒന്നര മീറ്റർ അകലത്തിലാണ് പിവിസി പൈപ്പുകൾ സ്ഥാപിച്ചത്. എന്നാൽ, ഇപ്പോൾ അകലം രണ്ട് മീറ്റർ ആക്കി. കൂടുതൽ സൂര്യപ്രകാശം ലഭിക്കാൻ ഉദ്ദേശിച്ചാണ് അകലം വർധിപ്പിച്ചത്.
ഒന്നര അടി താഴ്ചയിൽ കോണ്ക്രീറ്റ് ഇട്ടാണ് പിവിസി പൈപ്പ് ഉറപ്പിക്കുന്നത്. പൈപ്പുകൾക്ക് നാലു മീറ്റർ ഉയരമുണ്ട്. മൂന്നര അടി വരെയുള്ള ഗോവണി ഉപയോഗിച്ച് എളുപ്പത്തിൽ വിളവെടുക്കാമെന്നതും ഇതിന്റെ നേട്ടമാണ്.
ഇതുവഴി തൊഴിലാളികൾ ഇല്ലെങ്കിലും ഉടമയ്ക്കു തന്നെ കുരുമുളക് പറിച്ചെടുക്കാൻ കഴിയും. പിവിസി പൈപ്പ് ആയതിനാൽ കൊടുക്കുന്ന വളം പൂർണമായും ചെടിക്കു തന്നെ കിട്ടുകയും മികച്ച വിളവ് ലഭിക്കുകയും ചെയ്യും. താങ്ങുമരമുണ്ടെങ്കിൽ വളത്തിന്റെ ഒരുഭാഗം അത് വലിച്ചെടുക്കും.
ഏഴ് വർഷമായി വാണിജ്യാടിസ്ഥാനത്തിൽ കർഷകർക്കുവേണ്ടി പിവിസി പൈപ്പ് സ്ഥാപിച്ച് അതിൽ കുരുമുളക് വള്ളികയറ്റി വിടുന്ന പ്രവർത്തി കൂടി ഹസൻകുട്ടി ചെയ്യുന്നുണ്ട്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കർഷകരും ഹസൻകുട്ടിയുടെ സേവനം ആവശ്യപ്പെടുന്നുണ്ട്.
പന്നിയൂർ, കരിമുണ്ട, തെക്കൻ തുടങ്ങിയ കുരുമുളക് വള്ളികളാണ് അദ്ദേഹം മറ്റു കർഷകർക്കായും സ്വന്തം കൃഷിയിടങ്ങളിലും നട്ടു പിടിപ്പിക്കുന്നത്. വളർന്നു വരുന്ന കുരുമുളക് വള്ളികൾ ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് വള്ളികൾ ഉപയോഗിച്ച് പിവിസി പൈപ്പിൽ ബന്ധിപ്പിക്കണം.
തുടർന്നു വള്ളികൾ പിവിസി പൈപ്പിൽ അട്ടക്കാൽ പിടിച്ച് സ്വയം പടർന്നു കയറും.