ഒരു കുഴിയിൽ മൂന്ന് നേന്ത്രവാഴ; പരീക്ഷണം വിജയംകണ്ട് ജോമി
Monday, February 10, 2025 11:22 AM IST
സ്വന്തമായും തോട്ടം പാട്ടത്തിനെടുത്തും നേന്ത്രവാഴ, പാളയംകോടൻ, റംബുട്ടാൻ എന്നിവ കൃഷിചെയ്ത് പ്രകൃതിയെ ഹരിതാഭമാക്കുന്നതിനൊപ്പം മികച്ച വരുമാനം കണ്ടെത്തുകയാണ് ജോമി തോമസ് നെല്ലൻകുഴിയിൽ.
അറക്കുളം കോട്ടയം മുന്നിയിലുള്ള മൂന്നേക്കർ സ്ഥലത്ത് എൻഐടി ഇനത്തിൽപ്പെട്ട റംബുട്ടാനുപുറമേ നേന്ത്രവാഴയുമാണ് കൃഷി ചെയ്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഹോം ഗ്രോണിൽനിന്നാണ് റംബുട്ടാന്റെ തൈകൾ വാങ്ങിയത്. നാനോ വളം ഇലയിൽ സ്പ്രേ ചെയ്യുന്ന രീതിയാണ് ഈ കർഷകന്റേത്.
പുതുപരീക്ഷണം
ഒരു കുഴിയിൽ മൂന്ന് നേന്ത്രവാഴ നടുന്ന രീതിയാണ് ജോമി സ്വീകരിച്ചിരിക്കുന്നത്. ഇതുമൂലം ചെലവു കുറയ്ക്കാൻ കഴിയുമെന്നാണ് ഈ കർഷകന്റെ നിരീക്ഷണം. 20 അടി അകലത്തിലാണ് നേന്ത്രൻ കൃഷി ചെയ്തിരിക്കുന്നത്. ഇടവിളയായി വഴുതന കൃഷിയുമുണ്ട്. 100 പാളയംകോടൻ ഇനം വാഴകളും കൃഷി ചെയ്തിട്ടുണ്ട്. മേട്ടുപ്പാളയത്തുനിന്നാണ് വാഴവിത്ത് വാങ്ങുന്നത്. പാട്ടസ്ഥലത്തും നൂറുമേനി.
കുടയത്തൂർ പഞ്ചായത്തിൽപ്പെട്ട ടോണിയോ തോമസ് വെട്ടിക്കുഴിച്ചാലിൽ, അറക്കുളം സ്വദേശിയും ബന്ധുവുമായ ഫ്രാൻസിസ് മാത്യു ഇല്ലിക്കൽ എന്നിവരുടെ തോട്ടം പാട്ടത്തിനെടുത്താണ് റംബുട്ടാൻ, നേന്ത്രവാഴ എന്നിവ കൃഷി ചെയ്യുന്നത്.
ടോണിയോയുടെ തോട്ടത്തിൽ ഒരു വർഷം മുന്പും ഫ്രാൻസിസിന്റെ തോട്ടത്തിൽ 10 വർഷം മുന്പുമാണ് പാട്ടകൃഷി ചെയ്യാൻ ആരംഭിച്ചത്. ജൂലൈയിലാണ് നേന്ത്രവഴ നടുന്നത്. അഞ്ച് -ആറ് മാസം കൊണ്ട് വിളവെടുക്കാം.
കുടയത്തൂരിലെ തോട്ടത്തിലുള്ള 1500 നേന്ത്രവാഴയിൽ 500 എണ്ണം വിളവെടുത്തുകഴിഞ്ഞു. പ്രാദേശിക വിപണിയിലാണ് നേന്ത്രവാഴക്കുലകൾ വിൽപ്പന നടത്തുന്നത്. കരാർ പ്രകാരം കർഷകർക്ക് അവരുടെ തോട്ടങ്ങളിൽ പഴവർഗങ്ങൾ നട്ടുപിടിപ്പിച്ച് നൽകുന്നത് ജോമിയുടെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
നാടിന്റെ നട്ടെല്ലായ കർഷകർക്ക് അർഹമായ പരിഗണനയും കൂടുതൽ സഹായങ്ങളും നൽകുകയും പുതു തലമുറ കൃഷിയിലേക്ക് കടന്നു വരികയും ചെയ്താലേ കാർഷിക സന്പദ് വ്യവസ്ഥയിൽ പുതിയ ചലനങ്ങൾ ഉണ്ടാകൂ എന്നാണ് ഇദ്ദേഹം പറയുന്നത്. ഭാര്യ: മിനി, മക്കൾ: അജോ, ആൻലിയ.