ഈ കുട്ടിക്കർഷകർക്ക് കൂട്ടുകൂടാൻ കാബേജും പട്ടുചീരയും പിന്നെ തക്കാളിയും...
Friday, March 28, 2025 12:52 PM IST
സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ കളിപ്പാട്ടങ്ങൾക്കും ഗെയിമുകൾക്കും ഒപ്പം സമയം ചെലവഴിക്കുന്ന കൂട്ടുകാരിൽ നിന്ന് തീർത്തും വ്യത്യസ്ഥരാണ് ഫരീദയും ഫാദിയയും. പുസ്തസഞ്ചി താഴത്ത് വച്ചാൽ അവർ ആദ്യം ഓടിക്കയറുന്നത് വീടിന്റെ മട്ടുപ്പാവിലേക്ക്.
തങ്ങളുടെ കൂട്ടുകാർ അവിടെ ഗ്രോ ബാഗിലും മണ്ച്ചട്ടികളിലും വിവിധതരം പോട്ടുകളിലും നിരനിരയായി തലയുയർത്തി നില്പുണ്ടെന്ന് അവർക്കറിയാം. സ്കൂളിലെ വിശേഷങ്ങൾ അവരോട് പറഞ്ഞിട്ടെ വീടിന് അകത്തേക്ക് കയറാറുള്ളൂ.
കൊടും വേനലിനെ പ്രതിരോധിക്കാൻ പിതാവ് ഫിറോസ് അഹമ്മദിനെക്കൊണ്ട് ഗ്രീൻ നെറ്റിന്റെ മേലാപ്പും ക്രമീകരിച്ചിട്ടുണ്ട്. വേഷം മാറി ലഘുഭക്ഷണം കഴിഞ്ഞാൽ പിന്നെ മിത്രങ്ങളായ ചെടികളുടെ ഭക്ഷണവും ക്ഷേമവുമാണ് ഈ സഹോദരിമാരുടെ ദിനചര്യ.
പാവലിന്റെ ഇലകളിലെത്തിയ പുഴുക്കളെ തുരത്തുന്നതും കയറാൻ ബുദ്ധിമുട്ടുന്ന പയറിന്റെ പുതുവള്ളികളെ ഉയരങ്ങളിലേക്ക് കയറ്റി വിടുന്നതും ഇരുവരും ചേർന്നാണ്. ടാപ്പുകൾ തുറന്ന് ചെടികളെ നനയ്ക്കുന്നതും പിന്നെ അവയ്ക്കൊപ്പം ആ വെള്ളത്തിൽ തന്നെ ഇരുവരും കുളിക്കുന്നതുമൊക്കെ പതിവ് രീതി.
നനഞ്ഞ ഇലകളിൽ നിന്നു വീഴുന്ന ജലകണങ്ങൾ നോക്കി നിൽക്കുന്നതും ഇവർക്ക് കൗതുകം. ഇരുട്ട് വീഴും വരെ ചെടികളോട് മിണ്ടിയും പറഞ്ഞുമിരിക്കുന്നത് ശീലമായിരിക്കുന്നു. ജൈവ കൃഷി പ്രചാരകനും വനമിത്ര പുരസ്കാര ജേതാവുമായ ഫിറോസ് അഹമ്മദ് മക്കളുടെ കാർഷിക താത്പര്യങ്ങളോട് ചേർന്ന് നിൽക്കാൻ സദാ സന്നദ്ധനാണു താനും.
രാസപദാർഥങ്ങളും കീടനാശിനികളും കണക്കറ്റ് ഉപയോഗിച്ച് മണ്ണിനേയും പ്രകൃതിയേയും അതുവഴി പരിസ്ഥിതിയേയും നശിപ്പിക്കുന്ന ആധുനിക കൃഷി രീതികൾ സമീപ ഭാവിയിൽ മനുഷ്യരാശിയെ മുച്ചൂടും നശിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകാനും ആറാം ക്ലാസ് വിദ്യാർഥിനി ഫരീദയും മൂന്നാം ക്ലാസുകാരി ഫാദിയയും മറക്കാറില്ല.
ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിലെ ന്ധബേട്ടി ബച്ചാവോ ബേട്ടി പഠാവോന്ധ പദ്ധതിയുടെ അംബാസഡർമാരുമാണ് ഈ കൊച്ചു മിടുക്കികൾ. സംസ്ഥാന സർക്കാർ വനിത-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലികാ ദിനാചരണച്ചടങ്ങിൽ ഫരീദയും ഫാദിയയും പ്രത്യേക പരാമർശങ്ങളും നേടി.
"കുട്ടിത്തോട്ടം എന്റെ അഭിമാനം' എന്ന സന്ദേശമാണ് ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡിൽ പുത്തൻ വീട് ഫരീദ മൻസിലിൽ നിന്ന് ഈ കുട്ടികൾ നാടിന് പകർന്നു നൽകുന്നത്. തക്കാളി വില നൂറും കടന്ന് അടുക്കളയിൽ നിന്ന് പൂർണമായും ഒഴിവാക്കപ്പെട്ടപ്പോഴും അമ്മ നാസിലയോട് ഒട്ടും ആശങ്കവേണ്ടെന്ന് പറഞ്ഞ് പട്ടുപ്പാവിലേക്ക് ഓടിക്കയറിയ സഹോദരിമാർ കൈ നിറയെ പഴുത്ത തക്കാളിയുമായാണ് തിരികെ വന്നത്.
തങ്ങളുടെ പ്രായത്തിലുള്ള കൂട്ടുകാർ കംപ്യൂട്ടർ ഗെയിമുകളിലും ഫോണിൽ തോണ്ടിയുമൊക്കെ സമയം ചെലവിടുന്പോൾ കാബേജ്, കോളിഫ്ളവർ, പട്ടുചീര, കാന്താരി തക്കാളി തുടങ്ങിയ കറിത്തരങ്ങൾ കൊണ്ടുള്ള ഗെയിമുകളിലാണ് ഫരീദയും ഫാദിയയും സ്കോറുകൾ വാരിക്കൂട്ടുന്നത്.
കഴിഞ്ഞ ഓണക്കാലത്ത് വീട്ടുമുറ്റത്ത് പൂക്കളമിടാൻ വിവിധ നിറത്തിലുള്ള ബന്ദിപ്പൂക്കളും വാടാമുല്ലയുമൊക്കെ കിട്ടിയ സ്ഥലമെല്ലാം കൃഷിചെയ്തതും ഈ കുരുന്ന് കൈകൾ കൊണ്ടുതന്നെ. കൂട്ടുകാർക്ക് ഓണപ്പൂത്താലമൊരുക്കാൻ കൈനിറയെ പൂക്കൾ കൈമാറി സ്നേഹപ്പകർച്ചയുടെ അടയാളങ്ങൾ തീർക്കാനും ഇവർക്ക് കഴിഞ്ഞു.
വെണ്ടയും വഴുതിനയും പച്ചമുളകും വിളവെടുപ്പിന് പാകമായപ്പോൾ ജില്ല വനിത-ശിശു വികസന ഓഫീസർ എൽ. ഷീബയെ വീട്ടിലേക്ക് ക്ഷണിച്ച് അടുക്കളയിലേക്ക് ഒരു മുറം പച്ചക്കറി വിളവെടുപ്പിച്ചതും മറ്റാരുമായിരുന്നില്ല. മുതിർന്നവർ പോലും വിജയിക്കുമോ എന്ന് സംശയിച്ച ഉള്ളിയും കിഴങ്ങും വരെ കൃഷി ചെയ്യാൻ ഇവർ തയാറായിരിക്കുന്നു.
കുഞ്ഞനുജൻ ഫിറോസ് അഹമ്മദിനേയും കൂട്ടുകാരി ഇനാറ ഷെമീറിനേയും വിളവെടുപ്പ് വേളകളിൽ ഒപ്പം കൂട്ടാറുണ്ട്. സത്യസന്ധതയുടെ അംഗീകാരമായി ജില്ല പോലീസ് സൂപ്രണ്ട് ഈ കുട്ടിക്കർഷകരെ ഓഫീസിൽ ക്ഷണിച്ചുവരുത്തി ആദരിച്ചത് ശ്രദ്ധ നേടിയിരുന്നു.
കനാൽ തീരത്ത് നിന്ന് കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള രേഖകൾ സൗത്ത് പോലീസ് സ്റ്റേഷനലിലെത്തി കൈമാറിയ നേരിന്റെ മനസാണ് അന്ന് അവിടെ ശ്ലാഖിക്കപ്പെട്ടത്.
ഫോണ്: 984743 30401