പച്ചക്കറി കൃഷിയിലൂടെ ശിവദാസൻ കോടിപതി
Wednesday, March 19, 2025 3:08 PM IST
എൽഐസിയിലാണ് ഒരു കോടി രൂപയുടെ പോളിസി പിടിച്ച് കോടിപതിയായ ഏജന്റുമാരെക്കുറിച്ച് കേൾക്കാറുള്ളത്. എന്നാൽ, എട്ടു മാസത്തെ കാലയളവിൽ ഒരു കോടി രൂപയുടെ പച്ചക്കറി വിറ്റ് കോടിപതി പട്ടം കരസ്ഥമാക്കിയ കർഷകൻ എലവഞ്ചേരിയിലുണ്ട്.
2024 മേയ് മുതൽ ഡിസംബർ ആറാം തീയതി വരെയുള്ള കാലയളവിൽ 350 മെട്രിക് ടണ്ണിലധികം പച്ചക്കറി വിറ്റഴിച്ചാണ് ശിവദാസൻ കോടിപതിയായത്. കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പാദനവും അതുവഴി കൂടുതൽ വരുമാനവും എന്ന സ്വയം ക്രമീകൃത കൃഷി രീതികളിലൂടെയാണ് ശിവദാസൻ എന്ന 52 കാരൻ ഈ നേട്ടം കൈവരിച്ചത്.
38 വർഷത്തെ ആത്മബന്ധമുണ്ട് പച്ചക്കറി കൃഷിയും ശിവദാസനും തമ്മിൽ. സ്കൂൾ വിദ്യാർഥിയായിരിക്കുന്പോൾ തന്നെ പച്ചക്കറി കൃഷിയിലായിരുന്നു കന്പം. അച്ഛൻ രാമൻ വാദ്യരും അമ്മ വത്സലയും നെൽകൃഷിക്ക് പരിഗണന നൽകിയപ്പോൾ ശിവദാസൻ സ്വയമായി പച്ചക്കറി കൃഷി ചെയ്ത് നാട്ടിലെ കർഷക ശ്രേഷ്ഠർക്കിടയിൽ ശ്രദ്ധേയനായി.

പത്തുവർഷം മുന്പ് വരെ മൂന്ന് ഏക്കറിൽ മാത്രം പച്ചക്കറി കൃഷി ചെയ്തിരുന്ന ശിവദാസൻ ഇപ്പോൾ 20 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. കോണ്ക്രീറ്റ് തൂണുകൾ കൊണ്ടുള്ള സ്ഥിരമായ പന്തലുകളാണ് ശിവദാസിന്റെ തോട്ടത്തിലെല്ലാം. സ്വന്തമായി എട്ട് ഏക്കർ സ്ഥലമുണ്ട്.
12 ഏക്കർ പാട്ടത്തിന് എടുത്തതാണ്. തുള്ളി നന, ഫെർട്ടിഗേഷൻ, മൾച്ചിംഗ് എന്നീ കൃഷി രീതികളാണ് അവലംബിക്കുന്നത്. കൃത്യതാ കൃഷി രീതിയാണ് ശിവദാസന്റെ പച്ചക്കറി തോട്ടങ്ങളിലെല്ലാം. കുന്പളം, പടവലം, പയർ, പാവയ്ക്ക, പീച്ചിങ്ങ, മത്തൻ, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
കുറഞ്ഞ ജലസേചനത്തിൽ എങ്ങനെ കൃഷി ചെയ്യാം എന്നതിനെക്കുറിച്ച് മഹാരാഷ്ട്രയിലെ വെള്ളം ഇല്ലാത്ത ധർമഗിരി, കൃഷ്ണഗിരി പ്രദേശങ്ങളിൽ താമസിച്ച് ശിവദാസൻ മനസിലാക്കിയിട്ടുണ്ട്.
മണ്ണിലെ സൂഷ്മമൂലകങ്ങൾ നിലനിൽക്കാൻ ധാരാളം ജൈവവളം ഉപയോഗിക്കുന്ന കൃഷിരീതിക്കാണ് അദ്ദേഹം ഊന്നൽ നൽകുന്നത്. ഓരോ വിളകളുടെ വിളവെടുപ്പിനുശേഷവും മണ്ണിന് മതിയായ വിശ്രമം നൽകി അടുത്ത കൃഷിയിറക്കൂ.
പച്ചക്കറി കൃഷിക്കെപ്പം ഒരു മാവിൻ തോട്ടവുമുണ്ട് ശിവദാസന്. ഒപ്പം നെൽകൃഷിയും. ഭാര്യ പ്രിയദർശിനിയും മകൻ അഞ്ചാം ക്ലാസുകാരൻ നന്ദകിഷോറും കൃഷി കാര്യങ്ങൾക്കൊപ്പമുണ്ട്.
എലവഞ്ചേരി സ്വാശ്രയ കർഷക സംഘം പ്രസിഡന്റായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശിവദാസന് ആത്മ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഫോണ്: ശിവദാസൻ - 9447515036