ധനപാലന്റെ വരുമാനം കായലിലെ കൂടുമത്സ്യം
Wednesday, March 26, 2025 5:28 PM IST
അഷ്ടമുടിക്കായൽ കേരളത്തിലെ മറ്റു കായലുകളിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. കായലോരത്തെ കണ്ടൽ ചെടികളും അവയുടെ നീണ്ടു നൂർന്ന വേരുകളും അവയ്ക്കിടയിലെ മത്സ്യതാവളങ്ങളും അഷ്ടമുടിക്കായലിന്റെ പ്രത്യേകതയാണ്.
മാത്രമല്ല, ജലാശയത്തിൽ ലവണാംശം (ഉപ്പ്) വളരെ കുറവുമാണ്. അതുകൊണ്ടൊക്കെയാവണം ഈ കായലിലെ മത്സ്യങ്ങൾക്ക് അസാധാരണ രുചിയുണ്ടാകുന്നത്. ഇവിടുത്തെ കരിമീന് ഡൈനിംഗ് ടേബിളുകളിൽ രാജകീയ പ്രൗഡിയുള്ളതിനാൽ വലിയ വിപണി മൂല്യവും മികച്ച വിലയും ലഭിക്കുന്നു.
ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള ഫിഷ് ഫാർമേഴ്സ് ഡവലപ്മെന്റ് അഥോറിറ്റി (എഫ്എഫ്ഡിഎ) ജനകീയ മത്സ്യകൃഷി വ്യാപിപ്പിക്കുന്നുണ്ട്. കായലിലെ കൂടുകൃഷി പദ്ധതിയാണ് അതിൽ പ്രധാനം.
സ്വന്തമായി കുളമോ മറ്റു ജലാശയമോ ഇല്ലാത്തവർക്ക് മത്സ്യകൃഷി നടത്താൻ പറ്റിയ മാർഗമാണ് കൂടുകൃഷി. കൊല്ലം കോർപ്പറേഷനിൽ മാത്രം അഷ്ടമുടിക്കായലിൽ 30 ലേറെ പേർ കൂടുകൃഷി നടത്തുന്നുണ്ടെന്ന് എഫ്എഫ്ഡിഎ പ്രമോട്ടർ ടി.നിസാമുദീൻ പറഞ്ഞു.
കൊല്ലം ജില്ലയിൽ നൂറിലേറെ പേരുണ്ട്. എല്ലാവരും നടത്തുന്നതു കരിമീൻ കൃഷിയാണ്. ഒരു കിലോ കരിമീനിന് ശരാശരി 600 രൂപ വില കിട്ടും.
മികച്ച സർവീസ് റിക്കാർഡോടെ ക്രൈംബ്രാഞ്ചിൽ നിന്നു വിരമിച്ച സബ് ഇൻസ്പെക്ടർ കടപ്പാക്കട ഉളിയക്കോവിൽ സിന്ദൂരത്തിൽ ആർ. ധനപാലൻ, വിശ്രമകാല ജീവിതം ക്രിയാത്മകമാക്കണമെന്ന തീരുമാനത്തോടെയാണ് കൂടുകൃഷിയിലേക്ക് തിരിഞ്ഞത്.
അഷ്ടമുടിക്കായൽ വീടിനോട് ചേർന്നായതും ഗുണകരമായി. എഫ്എഫ്ഡിഎയുടെ സഹായവും മാർഗനിർദേശവും ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് കരിമീൻ കൃഷി തുടങ്ങിയത്.
കൂടുകളിലെ കരിമീൻ വളർത്തൽ
ജിഐ പൈപ്പുകൾ കൊണ്ടാണു കൂട് നിർമിക്കുന്നത്. ഒരു കൂടിനു നാല് മീറ്റർ നീളവും മൂന്നു മീറ്റർ വീതിയും രണ്ടര മീറ്റർ താഴ്ചയും വേണം. ചതുരാകൃതിയാണ് കൂടിന്. പൈപ്പുകൾ സംയോജിപ്പിച്ചു കഴിഞ്ഞാൽ ഇതിൽ രണ്ടു തരം വലകൾ സ്ഥാപിക്കും.
അടിഭാഗം സംരക്ഷിക്കാനായി ഉൾവലയും കൂട് കവർ ചെയ്തു പുറം വലയും. മത്സ്യക്കുഞ്ഞുങ്ങൾ അടിഭാഗത്ത് കൂടിയോ വശങ്ങൾ വഴിയോ പുറത്ത് പോകാത്ത വിധത്തിലുള്ള തീരെ ചെറിയ കണ്ണികളുള്ള വലകളാണ് ഉപയോഗിക്കുന്നത്.
മുകൾ ഭാഗത്ത് വല കുറച്ച് ഉയർത്തി കെട്ടും. കിളികൾ മത്സ്യകുഞ്ഞുങ്ങളെ കൊത്തികൊണ്ടുപോകാതിരിക്കാനാണിത്. പിന്നീട്, കൂട് വെള്ളത്തിൽ താഴ്ന്നുപോകാതിരിക്കാൻ വീപ്പകളും ഡ്രമ്മുകളും കൂട്ടിക്കെട്ടി സംരക്ഷണം ഒരുക്കും.
ഇതുവഴി കായലിൽ കൂട് നിശ്ചിത ആഴത്തിൽ നിറുത്താൻ കഴിയും. ഒരു കൂട്ടിൽ 1000 മുതൽ 1500 വരെ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. രണ്ട് കൂടുകളാണ് ഒരു യൂണിറ്റ്. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് എത്ര കൂടുകൾ വേണമെങ്കിലും ഇറക്കാം.
കരിമീൻ കുഞ്ഞുങ്ങൾക്ക് ഗ്രോ വെൽ എന്ന പെല്ലറ്റാണ് തീറ്റ. ഇത് പോഷകഗുണമുള്ളതും വളർച്ചയ്ക്ക് ഉതകുന്നതും ഒരു പരിധിവരെ രോഗപ്രതിരോധശേഷി നൽകുന്നതുമാണ്. വളർച്ചയ്ക്കനുസരിച്ച് 1.6 എംഎം, 2 എംഎം, 3 എംഎം തുടങ്ങി 6 എംഎം വരെയുള്ള പെല്ലറ്റുകൾ നൽകും.
എട്ട് മാസം കൊണ്ട് പൂർണ വളർച്ചയിലെത്തുമെന്നു കരുതുന്നുവെങ്കിലും സാധാരണ നിലയിൽ അതിന് ഒരു വർഷം വേണ്ടി വരും. പൂർണവളർച്ച എത്തിയാൽ 250 ഗ്രാമോ അതിലധികമോ തൂക്കം വരും.
മൂലധനം സ്വന്തം കൈയിൽ നിന്നു മുടക്കിയാൽ അതിന്റെ 40 ശതമാനം തുക ഫിഷറീസ് വകുപ്പ് സബ്സിഡിയായി നല്കും. തീറ്റ വിലയുടെ 40 ശതമാനവും സബ്സിഡിയായി കിട്ടും. മത്സ്യകുഞ്ഞുങ്ങളെയും ഫിഷറീസ് വകുപ്പ് വിതരണം ചെയ്യും.
ചില പ്രത്യേക അവസരങ്ങളിൽ സൗജന്യമായും നൽകും. രണ്ട് മാസത്തോളം വളർച്ചയുള്ള ഒന്നര ഇഞ്ച് വലിപ്പമുള്ള കുഞ്ഞുങ്ങളെയാണ് വളർത്താൻ നൽകുന്നത്. അതിന് എട്ടു മുതൽ 10 രൂപ വരെയാണ് വില.
കരുനാഗപ്പള്ളി ആയിരംതെങ്ങിലുള്ള ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ (എഡിഎസി) എന്ന ഫിഷറീസ് വകുപ്പിന്റെ ഹാച്ചറിയിൽ നിന്നാണ് കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നത്.
നെയ്യാർ ഡാമിലെ ഹാച്ചറിയിലും കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അവിടെ കൂടുതലായും മറ്റിനം മത്സ്യകുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്.

രോഗങ്ങളും പ്രതിസന്ധികളും
മഴക്കാലത്ത് ഒഴുകിയിറങ്ങുന്ന കറ വെള്ളമാണ് കരിമീൻ കൃഷിയുടെ ഏറ്റവും വലിയ ഭീഷണി. പ്രത്യേക തരം ആൽഗകൾ അടങ്ങിയിട്ടുള്ള കറ വെള്ളം കായൽ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കും.
ഇതുവഴി മതിയായ തോതിൽ ഓക്സിജൻ ലഭിക്കാതെ മത്സ്യങ്ങൾ ചത്തു പൊങ്ങും. കരിമീൻ കൃഷി തുടങ്ങിയിട്ട് മൂന്ന് വർഷമായെന്നും എല്ലാവർഷവും കറ വെള്ളം മൂലം മത്സ്യങ്ങൾ ചത്തുപൊങ്ങി നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ധനപാലൻ പറഞ്ഞു.
വൈറ്റ് സ്പോട്ട് എന്ന ഫംഗസ് രോഗമാണ് മറ്റൊരു ഭീഷണി. മത്സ്യങ്ങളുടെ തൊലിയിൽ പുള്ളികൾ വരികയും ആ ഭാഗത്തെ തൊലി അടർന്നു പോവുകയും ചെയ്യുന്നതാണ് ലക്ഷണം. ചിറക് മടങ്ങുന്ന ഒരു വൈറസ് രോഗവും കരിമീനിനെ ബാധിക്കാറുണ്ട്.
ഈ രോഗം ബാധിച്ചാൽ നീന്താൻ കഴിയാതെ ചിറകുകൾ മടങ്ങി നിശ്ചലമാകും. ചിറക് മടങ്ങി ചെകിളകൾ മറഞ്ഞാൽ ശ്വാസോച്ഛ്വാസവും ബുദ്ധിമുട്ടിലാകും. അങ്ങനെ നീന്താൻ കഴിയാതെയും ശ്വാസം കിട്ടാതെയും മത്സ്യങ്ങൾ ചത്തുപൊങ്ങും.
ഇത്തരം രോഗങ്ങൾ ബാധിച്ച കരിമീനിനെ തെരഞ്ഞുപിടിച്ച് മാറ്റുകയാണ് പ്രതിരോധമാർഗം. ചികിത്സ നല്കിയാലും പലപ്പോഴും ഫലവത്താകാറില്ല.
അഷ്ടമുടി കായലിലെ കരിമീൻ
പ്രശസ്തവും രുചികരവുമാണ് അഷ്ടമുടി കായലിലെ കരിമീൻ. അഷ്ടമുടി കായലിൽ വിരിഞ്ഞുണ്ടാകുന്നതാണെങ്കിലും മറ്റു ഹാച്ചറികളിൽ നിന്നുള്ള കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തി എടുക്കുന്നതായാലും രുചിയിലും പോഷക ഗുണത്തിലും ഒന്നാമനാണ് ഇവൻ.
അഷ്ടമുടി കായലിലെ ജലത്തിന്റെ പ്രത്യേകതയാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. എട്ട് മുടികൾ (ജലാശയങ്ങൾ) ഉള്ളതിനാലാണ് കായലിന് ആ പേര് കിട്ടിയത്. കടലിൽ വേലിയേറ്റമുണ്ടാകുന്പോൾ ഉപ്പുവെള്ളം കയറുമെങ്കിലും അത് അഷ്ടമുടി കായലിൽ തങ്ങി നിൽക്കാറില്ല.
അതിനാൽ ഇവിടുത്തെ ലവണാംശം 16 മുതൽ 17 പിപിഎം വരെയാണ്. ഒരിക്കലും ഇത് 20 പിപിഎമ്മിന് മുകളിൽ പോകാറില്ല. കടൽ വെള്ളത്തിന്റെ ലവണാംശം 30 പിപിഎമ്മിന് മുകളിലാണ്.
അഷ്ടമുടി കായലിലെ കണ്ടൽ കാടുകളുടെ വേരുകൾക്കിടയിലും ഇടയിലുമാണ് കരിമീൻ മുട്ടയിടുന്നത്. ഫെബ്രുവരി - മേയ് വരെയും ഒക്ടോബർ - ഡിസംബർ വരെയുമുള്ള മാസങ്ങളിലാണ് കരിമീനിന്റെ പ്രജനന കാലം.
മുട്ടയിടുന്നതിന് മുന്പ് പെണ്മത്സ്യം കണ്ടൽ കാടുകളുടെ വേരുകൾക്കിടയിൽ കണ്ടെത്തുന്ന സ്ഥലം വൃത്തിയാക്കും. ഒരു തവണ 500 മുതൽ ആയിരം വരെ മുട്ടകളിടും. 72 മുതൽ 80 മണിക്കൂറിനുള്ളിൽ മുട്ട വിരിയും.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് പെണ്മത്സ്യം കാവലിരിക്കും. കുറച്ചകലെ ആണ് മത്സ്യം കാവൽ നിൽക്കുകയും ചെയ്യും. ശത്രു മത്സ്യങ്ങൾ എത്തിയാൽ അവൻ ആക്രമിച്ച് ഓടിക്കും. കുഞ്ഞുങ്ങൾ കൂട്ടമായിട്ടാണ് നീങ്ങുന്നത്.
"അച്ചനമ്മമാർ' കാവലും കരുതലുമായി ഒപ്പമുണ്ടാകും. ഒരു മാസത്തിലധികം വളർച്ച എത്തുന്നതോടെ കുഞ്ഞുങ്ങൾ കൂട്ടം പിരിയും. സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി അഭ്യസ്തവിദ്യർ ധാരാളമായി കൂടു മത്സ്യകൃഷിയിലേക്ക് വരുന്നുണ്ടെന്നു ധനപാലൻ പറഞ്ഞു.
ഭാര്യ സിന്ധുവാണ് പ്രധാന സഹായി. മക്കളായ ആര്യയും ധനലക്ഷമിയും വിവാഹിതരാണ്. കൂട്ടിൽ കയറുന്ന കുളവാഴയും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാൻ ജോലിക്കാരുണ്ട്.
ഫോണ്: 94477 74864.