രാമച്ചം വിളയുന്ന പൊന്നാനിയിൽ സുഗന്ധം പരത്തുന്ന ഷൽജി
Friday, March 14, 2025 4:15 PM IST
പൊന്ന് വിളയുന്ന പൊന്നാനി കടലോരത്ത് പൂർവികർ കാണിച്ചുകൊടുത്ത വഴിയിൽ 20 വർഷമായി രാമച്ചം വിളയിച്ചു സുഗന്ധം പരത്തുകയാണ് ഷൽജി. പൊന്നാനി മുതൽ ചാവക്കാട് വരെയുള്ള നൂറ് കണക്കിന് ഏക്കറിലായി പരന്നു കിടക്കുന്ന മണ്ണിൽ സമൃദ്ധമായി വിളയുന്ന രാമച്ചം നിസാരക്കാരനല്ല.
ഇന്ത്യയിൽ തന്നെ ഏറ്റവും ഔഷധ ഗുണങ്ങളുള്ള രാമച്ചമാണെന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലെ രാമച്ചങ്ങളെ അപേക്ഷിച്ച് ഏറ്റവും സുഗന്ധമുള്ള ഇനവുമാണ്. രാമച്ചം വിളവെടുത്ത് കയറ്റി അയയ്ക്കുക മാത്രമല്ല പെരുന്പടപ്പ് സ്വദേശിയായ ഷൽജി കറുത്തേടത്ത് ചെയ്യുന്നത്.
മറിച്ച് വിപണന സാധ്യത ഏറെയുള്ള രാമച്ചം ഉപയോഗിച്ചു മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും എത്തിച്ച് വിപണത്തിന്റെ പുതിയ സാധ്യതകൾ തേടുകയാണ് ഈ യുവകർഷകൻ.
പൊന്നാനി എംഇഎസ് കോളജിനു സമീപത്തായി 10 ഏക്കർ സ്ഥലത്താണ് ഷൽജി രാമച്ചം കൃഷി ചെയ്യുന്നത്. പൊന്നാനി, പുന്നയൂർക്കുളം, പെരുന്പടപ്പ് എന്നിവിടങ്ങളിലായി പത്ത് ഏക്കറോളം വേറെയുമുണ്ട്.
രാമച്ചം കൊണ്ട് 20-ൽ പരം മൂല്യവർധിത ഉത്പന്നങ്ങളാണ് ഷിൽജി സ്വന്തമായി നിർമിച്ച് വിപണനം നടത്തുന്നത്. ഓണ്ലൈൻ വിപണനത്തിനുള്ള തയാറെടുപ്പുകളും നടത്തിവരുന്നു. രാമച്ചംകൊണ്ട് മുപ്പതോളം മൂല്യവർധിത ഉത്പന്നങ്ങൾ അദ്ദേഹം തയാറാക്കുന്നുണ്ട്.
രാമച്ച സർബത്ത്, നന്നാരി രാമച്ച സർബത്ത്, രാമച്ച ദാഹശമനി, രാമച്ച സോപ്പ്, രാമച്ച ഷാംപൂ, രാമച്ച തൈലം, രാമച്ച ഹയർ ഓയിൽ, രാമച്ച ടൂത്ത് പൗഡർ, രാമച്ച ഫേസ് പാക്ക്, രാമച്ച ബാത്ത് സ്ക്രബർ,
രാമച്ച ബോഡി സ്ക്രബർ, രാമച്ച ബാത്ത് പൗഡർ, രാമച്ച ബോഡി വാഷ്, രാമച്ച എണ്ണക്കൂട്ട്, രാമച്ച വിശറി, രാമച്ച തൈകൾ, രാമച്ച ലേപനം, രാമച്ച ടോണർ തുടങ്ങിയവയാണ് അവയിൽ ചിലത്.
ഔഷധ നിർമാണത്തിനും സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനുമാണ് രാമച്ച ഉത്പന്നങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്.
കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഷൽജി.
ഫോണ്: 7560907896