പുതിയ കാലത്തിനൊപ്പം ഒരു കാർഷികമാതൃക
Tuesday, March 18, 2025 11:48 AM IST
പരമ്പരാഗത കർഷക കുടുംബാംഗമാണെങ്കിലും കാസർഗോഡ് കൊളത്തൂർ സ്വദേശിനി ശ്രീവിദ്യ പഠിച്ചതും ജോലിചെയ്തതും അക്കൗണ്ടൻസിയും ട്രാവൽ ആൻഡ് ടൂറിസവുമൊക്കെയായി ബന്ധപ്പെട്ടാണ്.
പക്ഷേ ട്രാവൽ എക്സിക്യൂട്ടീവായി ജോലിചെയ്യുമ്പോഴും കൃഷിയോടുള്ള സ്നേഹം ശ്രീവിദ്യയുടെ ഉള്ളിലലിഞ്ഞ വികാരമായിരുന്നു. അതുകൊണ്ടാണ് കുടുംബസ്വത്തായി വെറുതേ കിടക്കുകയായിരുന്ന നാലേക്കർ തരിശുഭൂമിയിൽ ഒരു അഗ്രി ഫാം സ്ഥാപിക്കാൻ ശ്രീവിദ്യ മുന്നിട്ടിറങ്ങിയത്.
ചെങ്കൽപ്പാറകൾ നിറഞ്ഞ ഭൂമി നാട്ടിലെ പതിവുരീതി വച്ച് ക്വാറി നടത്തിപ്പുകാർക്ക് കൊടുക്കേണ്ടതായിരുന്നു. തീവെയിലിൽ ചുട്ടുപൊള്ളുന്ന പാറപ്പുറത്ത് എന്ത് കൃഷി നടത്താനാണെന്ന് നാട്ടുകാർ പലരും ഉപദേശരൂപേണ ചോദിച്ചതുമാണ്.
പക്ഷേ ആ സ്ഥലമത്രയും തട്ടുകളായി തിരിച്ച് മഴവെള്ളം മണ്ണിലേക്കിറങ്ങുന്നതിന് സൗകര്യമൊരുക്കിയും തീരെ മണ്ണില്ലാത്ത ഇടങ്ങളിൽ പുറമേനിന്ന് മണ്ണ് കൊണ്ടുവന്ന് നിറച്ചുമാണ് ശ്രീവിദ്യ ആദ്യമായി കൃഷിഭൂമിയൊരുക്കിയത്.
കൃഷിയോടുള്ള ഇഷ്ടത്തിനൊപ്പം തികഞ്ഞ പ്രഫഷണലിസം കൂടി ഇഴചേർത്തുകൊണ്ടാണ് അവിടെ കാർഷിക പരീക്ഷണങ്ങളോരോന്നായി നടത്തിയത്. ആ ഇഷ്ടത്തിനും പ്രവർത്തനമികവിനും ലഭിച്ച ഏറ്റവും പുതിയ അംഗീകാരമാണ് സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ് അവാര്ഡ്.
2020 ൽ സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച യുവകർഷകയ്ക്കുള്ള അവാർഡ് നേടിയ ശ്രീവിദ്യ 2023 ൽ സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കാർഷികമേഖലയിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പഠിക്കാൻ ഇസ്രയേലിലേക്കു പോയ സംഘത്തിലും ഉൾപ്പെട്ടിരുന്നു.
സ്വകാര്യ ട്രാവൽ ഏജൻസിയിലെ ജോലിയും കാർഷിക പ്രവർത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകാൻ വിഷമം നേരിട്ടപ്പോൾ വീടിനു സമീപം സ്വന്തമായി ട്രാവൽ ഏജൻസി തുടങ്ങിയാണ് ശ്രീവിദ്യ കൃഷിക്ക് കൂടുതൽ സമയം കണ്ടെത്തിയത്.
അച്ഛൻ നാരായണൻ നായരും അമ്മ ദാക്ഷായണിയും വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവ് രാധാകൃഷ്ണനും മക്കളായ രേവതി കൃഷ്ണയും ശിവനന്ദും പൂർണ പിന്തുണയുമായി ഒപ്പംനിന്നു.
തട്ടുകളായി തിരിച്ച പാറപ്രദേശത്തിന്റെ ഒരു ഭാഗത്ത് തെങ്ങിൻതൈകളും വിവിധ ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ചപ്പോൾ അല്പം കൂടി ഇളകിയ മണ്ണുണ്ടായിരുന്ന മറുഭാഗം തണ്ണിമത്തൻ, പാഷൻ ഫ്രൂട്ട്, വിവിധ തരം പച്ചക്കറികൾ എന്നിവയുടെ കൃഷിക്കായി മാറ്റിവയ്ക്കുകയായിരുന്നു.
തുടക്കത്തിൽ പലതും വെയിലിൽ കരിഞ്ഞുണങ്ങിയപ്പോഴും മനസു തളരാതെ വീണ്ടും പുതിയ ഇനങ്ങൾ നട്ടുവളർത്തി. പരമ്പരാഗത ഇനങ്ങൾക്കൊപ്പം മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ കാമ്പുള്ള തണ്ണിമത്തനുകളും മഞ്ഞനിറമുള്ള പപ്പായയുമടക്കം വൈവിധ്യമാർന്ന ഇനങ്ങൾ ഇപ്പോൾ ശ്രീവിദ്യയുടെ പൂങ്കാവനം അഗ്രി ഫാമിലുണ്ട്.
തണ്ണിമത്തനൊപ്പം ഇടവിളയായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സൂര്യകാന്തി കൃഷിയും വിജയമായി. വീടിനോടു ചേർന്ന് മഴമറ നിർമിച്ച് തക്കാളി കൃഷിയും നടത്തി. വിവിധ തരം കോഴികളും മുയലുകളും കാസർഗോഡ് കുള്ളൻ പശുക്കളുമെല്ലാം ശ്രീവിദ്യയുടെ കൃഷിയിടത്തിലുണ്ട്.
ഫാമിനകത്തെ മഴവെള്ള സംഭരണിയിൽ മത്സ്യകൃഷിയും നടത്തുന്നു. ചാമ്പയും ഞാവലും മുതൽ അബിയുവും ചെറിയും സ്ട്രോബറിയും ഡ്രാഗൺ ഫ്രൂട്ടും വരെ നീളുന്നു പഴങ്ങളുടെ നിര. ഫാമിൽനിന്നു തന്നെ കിട്ടുന്ന കാലിവളവും കോഴിവളവും മണ്ണിര കമ്പോസ്റ്റുമൊക്കെയാണ് വിളകളുടെ പ്രധാന പോഷകങ്ങൾ.
വെള്ളത്തിന്റെ കുറവ് കണക്കിലെടുത്ത് തുള്ളിനനയും കൃത്യതാ കൃഷിരീതിയുമടക്കമുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നു. കൃഷിയുടെ വിവിധ ഘട്ടങ്ങളിലും വിപണി കണ്ടെത്തുന്ന കാര്യത്തിലും പലപ്പോഴും കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും സഹായവും ഉപയഗപ്പെടുത്തുന്നുണ്ട്.
സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ അംഗീകാരംകൂടി ഫാമിന് ലഭിച്ചതോടെ ട്രാവൽ എക്സിക്യൂട്ടീവെന്ന ശ്രീവിദ്യയുടെ ജോലിക്കും തിളക്കമേറി.
വിദ്യാർഥികളടക്കമുള്ളവർക്ക് സ്വന്തം ഫാമിൽ വച്ച് കൃഷിപാഠങ്ങൾ പഠിപ്പിച്ചുനല്കുന്നതിനൊപ്പം ഉല്പന്നങ്ങളിൽപൂങ്കാവനം ജൈവ അഗ്രി ഫാമിന്റെ ലേബലുള്ള ബാർകോഡ് സ്റ്റിക്കറുകൾ, യൂട്യൂബ് വീഡിയോകൾ തുടങ്ങി പുതിയ കാലത്തിന്റെ സംവിധാനങ്ങൾക്കൊപ്പം കൃഷിയെ കൊണ്ടുനടക്കാനും ശ്രീവിദ്യയ്ക്ക് കഴിയുന്നു.